കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 110 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത വിന്‍ഡീസിനെ 13 പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടന്നു. മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 34 പന്തില്‍ 31 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് ബൗളിങ് നിരയ്ക്ക് കരുത്തു പകര്‍ന്നു.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ എം.എസ്. ധോനിയും ഇല്ലാത്ത മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ കളിക്കളത്തിലിറങ്ങിയത്.
സ്കോര്‍ 16 എത്തിനില്‍ക്കെയാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടു റണ്ണെടുത്ത രാംദിനെ ദിനേശ് കാര്‍ത്തികിന്റെ കൈകളിലെത്തിച്ച് ഉമേശ് യാദവാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഷായ് ഹോപ് റണ്ണൗട്ടായി. സ്കോര്‍ 28-ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റും അതിഥികള്‍ക്ക് നഷ്ടപ്പെട്ടു. ഷിംറോണ്‍ ഹെറ്റ്മെയറെ ബുംറയാണ് പുറത്താക്കിയത്.
കീറോണ്‍ പൊള്ളാര്‍ഡും ഡാരന്‍ ബ്രാവോയും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 47 ല്‍ നില്‍ക്കേ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ പൊള്ളാര്‍ഡ് പുറത്തായി. തൊട്ടടുത്ത് തന്നെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ബ്രാവോയും പുറത്ത് പോയി. പതിനാറാമത്തെ ഓവറിലെ അവസാന പന്തില്‍ കാര്‍ലോസ് ബ്രാത്ത് വെറ്റും വീണു. കുല്‍ദീപിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യൂ ആയാണ് കാര്‍ലോസിന്റെ മടക്കം.
യുവതാരം ഖലീല്‍ അഹമ്മദിന്റെ പന്തിലാണ് ഫാബിയന്‍ അലന് പുറത്ത് പോയത്. അലന്റെ ഷോട്ട് ഉമേഷ് യാദവിന്റെ കൈപ്പിടിയില്‍ ഒതുങ്ങുകയായിരുന്നു. ഖലീലിന്റെ ആദ്യ രാജാന്തര ടി-ട്വന്റി വിക്കറ്റ് ആണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. ഒഷാനെ തോമസിന്റെ പന്തില്‍ രാംദിന് രോഹിതിനെ കൈയ്യിലൊതുക്കി. ആദ്യം അമ്പയന് നോട്ട് ഔട്ട് വിധിച്ചു. എന്നാല്‍ വിന്‍ഡീസ് ടീം റിവ്യൂ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രോഹിത് പുറത്ത് പോയി. ആറ് റണ്‍സാണ് രോഹിത് നേടിയത്. രോഹിതിന് പിന്നാലെ ശിഖര്‍ ധവാനെയും ഒഷെയ്ന് തോമസ് മടക്കി.
ബ്രാത്ത്വൈറ്റിന്റെ പന്തില്‍ പിന്നീട് ഋഷഭ് പന്ത് പുറത്ത് പോയി. പന്ത് ഉയര്‍ത്തയടിച്ച ഒരു ഷോട്ട് അനായാസേന ബ്രോവോയുടെ കൈപ്പിടിയില്‍ ഒതുങ്ങുകയായിരുന്നു. പന്തിന് സമാനമായി കെ.എല്‍ രാഹുലും പുറത്ത് പോയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 22 പന്തില്‍ 16 റണ്‍സാണ് രാഹുല്‍ നേടിയത്.
മനീഷ് പാണ്ഡേ- ദിനേശ് കാര്‍ത്തിക് കൂട്ടുക്കെട്ടാണ് ഇന്ത്യയെ വിജയ വഴിയിലേക്ക് തിരിച്ചു കൊണ്ടു വന്നത്. കാരി പെരേയുടെ പന്തില്‍ പാണ്ഡേ പുറത്തു പോകുമ്പോള്‍ ഇരുവരും 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ട് ബൗണ്ടറികളടക്കം 24 പന്തില്‍ 19 റണ്‍സാണ് പാണ്ഡേ നേടിയത്. പിന്നീട് വന്ന ക്രുനാല്‍ പാണ്ഡ്യ കാര്‍ത്തികിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. വെറും ഒന്‍പത് പന്തുകളില്‍ നിന്ന് 21 റണ്‍സാണ് പാണ്ഡ്യ നേടിയത്.
കൊല്‍ക്കത്തയിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്‍പിലെത്തി. അടുത്ത രണ്ട് മത്സരങ്ങള്‍ യഥാക്രമം ലക്നൗവിലും ചെന്നൈയിലും വച്ച നടക്കും.