ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 1-4 ന്റെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഗവാസ്‌ക്കര്‍ ഇക്കാര്യം സൂചിപ്പിച്ചത്. '' അയാള്‍ ഇനിയുമേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഇംഗ്ലണ്ടിലും നമ്മള്‍ കണ്ടതുപോലെ, കൃത്യസമയത്ത് ഫീല്‍ഡിങ്, ബൗളിങ് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ അത് മത്സരഫലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേനെ. അത്തരം കാര്യങ്ങള്‍ നമുക്കിവിടെ കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹം നായകസ്ഥാനം ഏറ്റെടുത്തിട്ട് ഏതാനും വര്‍ഷങ്ങളല്ലേ ആയിട്ടൊള്ളൂ, അതിന്റെ പരിചയക്കുറവ് കാണാനുണ്ട്.'' ഗാവസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണ് ഇപ്പോഴുള്ളതെന്ന രവി ശാസ്ത്രിയുടെ പ്രസാതവനയോട് യോജിക്കുന്നുണ്ടോ എന്ന കാര്യം കോലിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ നടപടി അനവസരത്തിലായിപ്പോയെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് കോലി ചിലപ്പോള്‍ പരാജയത്തിന്റെ നിരാശയിലായിരിുന്നിരിക്കില്ലേയെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
കൂടാതെ രവി ശാസ്ത്രിയുടെ പ്രസ്താവന മുന്‍ ഇന്ത്യന്‍ ടീമുകളെ അപമാനിക്കുന്നതാണെന്ന് തോന്നുന്നില്ലെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
Content Highlights: kohli needs to learn about field placements bowling changes says gavaskar