ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നേട്ടങ്ങളുടെ 11 വര്‍ഷം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓഗസ്റ്റ് 18-ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു കോലിയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം കോലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ക്രിക്കറ്റില്‍ നിലവിലെ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ നായകന്‍ തന്റെ അരങ്ങേറ്റ മത്സരത്തിലെ ഒരു ചിത്രവും ആരാധകര്‍ക്കായി പങ്കുവെച്ച കുറിപ്പിനൊപ്പമുണ്ട്. കൗമാരക്കാരനായി 2008-ല്‍ അരങ്ങേറിയതുമുതല്‍ സ്വപ്നം പോലും കാണാത്തത്ര അനുഗ്രഹങ്ങളാണ് ദൈവം തനിക്കുമേല്‍ ചൊരിഞ്ഞതെന്ന് കോലി ട്വിറ്ററില്‍ കുറിച്ചു.
അന്നത്തെ ആ 19-കാരന്‍ ഇന്ന് ടെസ്റ്റ് - ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. ഇപ്പോഴിതാ ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും രാജ്യാന്തര ക്രിക്കറ്റിലെ ഈ 11-ാം വര്‍ഷത്തില്‍ കോലി സ്വന്തമാക്കി.
2008 ഓഗസ്റ്റ് 18-ന് ശ്രീലങ്കയ്ക്കെതിരേ ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത കോലി 22 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്തായി. 2010-ല്‍ സിംബാബ്വെയ്ക്കെതിരേ ട്വന്റി 20-യില്‍ അരങ്ങേറി. 2011-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം.
ഏകദിനത്തില്‍ ഇപ്പോള്‍ 43 സെഞ്ചുറികളുമായി സച്ചിനു മാത്രം പിന്നില്‍ നില്‍ക്കുന്ന കോലിക്ക് 2008-ലെ അരങ്ങേറ്റ വര്‍ഷത്തില്‍ ഒരു സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയ്ക്കായി 239 ഏകദിനങ്ങളും 77 ടെസ്റ്റുകളും 70 ട്വന്റി 20 മത്സരങ്ങളും കോലി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 11,520 റണ്‍സുമായി ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കോലി. ടെസ്റ്റില്‍ 6613 റണ്‍സും ട്വന്റി 20-യില്‍ 2369 റണ്‍സും കോലിയുടെ അക്കൗണ്ടിലുണ്ട്.
ഇന്ത്യയ്ക്കായി 2008 അണ്ടര്‍ 19 ലോകകപ്പ് നേടിയതോടെയാണ് കോലി ശ്രദ്ധിക്കപ്പെടുന്നത്. വൈകാതെ സീനിയര്‍ ടീമിലെത്തി. 2011-ല്‍ ഇന്ത്യ കിരീടം നേടിയ ടീമിലും അംഗമായിരുന്നു.
ധോനി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യന്‍ ക്യാപ്റ്റനായി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം കോലിയുടെ നേതൃത്വത്തിലായിരുന്നു.
Content Highlights: Kohli completing 11 years in international cricket