ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി-20 ടീമുകള്‍ക്ക് ഇനി പുതിയ ക്യാപ്റ്റന്‍. ഇരുടീമുകളേയും കീറോണ്‍ പൊള്ളാര്‍ഡ് നയിക്കും. അതേസമയം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ജേസണ്‍ ഹോള്‍ഡര്‍ തന്നെ തുടരും. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസണ്‍ ഹോള്‍ഡറും ട്വന്റി-20 ടീമിനെ കാര്‍ലോസ് ബ്രാത്‌വെയ്റ്റുമാണ് നയിക്കുന്നത്.
ലോക ട്വന്റി-20 കിരീടം നിലനിര്‍ത്തുകയാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ പ്രഥമ പരിഗണനയെന്നും നിരവധി ട്വന്റി-20 ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചതിന്റെ അനുഭവസമ്പത്ത് ക്യാപ്റ്റനെന്ന നിലയില്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.
'എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ബഹുമതിയായി കാണുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിക്കുന്നു. ക്യാപ്റ്റനായി അരങ്ങേറാനുള്ള കാത്തിരിപ്പിലാണ് ഞാന്‍.' പൊള്ളാര്‍ഡ് പറയുന്നു.
നവംബറില്‍ അഫ്ഗാനിസ്താനെതിരായ പരമ്പരയിലാകും പൊള്ളാര്‍ഡ് ക്യാപ്റ്റനായി അരങ്ങേറുക. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്നു വീതം ട്വന്റി-20യും ഏകദിനങ്ങളുമാണുള്ളത്. ഇന്ത്യക്കെതിരായ ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനെ മാറ്റിയത്.
Content Highlights: Kieron Pollard named as new West Indies ODI and T20I captain