കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ക്വാര്‍ട്ടറിലെത്തിയ കേരളം ഇക്കുറി സെമി സ്വപ്നം കാണുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. സ്വന്തം നാട്ടിലാണ് കളി എന്ന ആശ്വാസം. കേരള താരങ്ങള്‍ക്ക് അടുത്തറിയാവുന്ന ഗ്രൗണ്ടും കാണികളുടെ പിന്തുണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളം-ഗുജറാത്ത് ക്വാര്‍ട്ടര്‍ മത്സരം ചൊവ്വാഴ്ച തുടങ്ങും. ഗുജറാത്ത് ടീം കോഴിക്കോട് വഴിയും കേരളം ബെംഗളൂരു വഴിയും വൈകുന്നേരത്തോടെ വയനാട്ടിലെത്തി.
തുമ്പ വിട്ട് വയനാട്ടിലേക്ക്
ഇക്കുറി പ്രാഥമികറൗണ്ടില്‍ തിരുവനന്തപുരം തുമ്പ സെയ്ന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടായിരുന്നു കേരളത്തിന്റെ ഹോം വേദി. ഈ ഗ്രൗണ്ടില്‍ അടുത്തയാഴ്ച ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരം നടക്കുന്നതിനാലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ വയനാട്ടിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് മത്സരം 23 മുതലാണെങ്കിലും ഇംഗ്ലണ്ട് ടീം 14 മുതല്‍ ഇവിടെ പരിശീലനം നടത്തും.
നേരത്തേ രഞ്ജിട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാണ് നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷംമുതല്‍ ഹോം ആന്‍ഡ് എവേ രീതിയിലാക്കി. കഴിഞ്ഞവര്‍ഷം ക്വാര്‍ട്ടറില്‍ വിദര്‍ഭയ്ക്കെതിരേ കേരളം അവരുടെ നാട്ടില്‍ കളിച്ചതിനാല്‍ ഇക്കുറി സ്വന്തം നാട്ടില്‍ കളിക്കാനായി. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലിലേക്ക് ഒരു ചുവടുകൂടി മതി.
പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ എട്ടില്‍ നാലു കളികളും ജയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഗ്രൂപ്പ് എയില്‍ മൂന്നുകളികള്‍ ജയിച്ചാണ് ഗുജറാത്ത് മുന്നേറിയത്.
പേസില്‍ വിശ്വസിച്ച് കേരളം
കനത്ത തണുപ്പും മഞ്ഞുവീഴ്ചയുമുള്ള വയനാട്ടിലെ പിച്ചില്‍, തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് നല്ല പിന്തുണകിട്ടും എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ടോസ് നിര്‍ണായകമാകും. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി. നിധീഷ് എന്നിവരടങ്ങിയ കേരളത്തിന്റെ പേസ് നിര അതിശക്തമാണ്. ഈ കരുത്ത് ഗുജറാത്തിനെതിരേ മുതലെടുക്കാനാകുന്നരീതിയിലാകും ടീം തിരഞ്ഞെടുപ്പ്.
Content Highlights: Kerala vs Gujarat Ranji trophy Cricket 2018 Semi Final