ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ എം.എസ്. ധോനിയുടെ ജാര്‍ഖണ്ഡ് അഞ്ച് വിക്കറ്റിനാണ് കേരളത്തെ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്. ജാര്‍ഖണ്ഡ് ഈ ലക്ഷ്യം 47 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഒരുവേള 80 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ജാര്‍ഖണ്ഡിന് വിജയം സമ്മാനിച്ചത് സൗരഭ് തിവാരിയാണ്. 94 പന്തില്‍ നിന്ന് 87 റണ്‍സാണ് സൗരഭ് തിവാരി നേടിയത്. 43 പന്തില്‍ നിന്ന് 48 റണ്‍സ് നേടി കൗശല്‍ സിങ് തിവാരിക്ക് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ നേടിയ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ കൈയില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. ആനന്ദ് സിങ് 27 ഉം കുമാര്‍ ദേവവൃത് 20 ഉം റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനിക്ക് 31 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടായായത്. ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ ഫാബിദ് അഹമ്മദാണ് ധോനിയെ മടക്കിയത്.
കേരളത്തിനുവേണ്ടി സന്ദീപ് വാര്യരും നിയാസും പി.പ്രശാന്തുമാണ് മറ്റ് വിക്കറ്റുകള്‍ നേടിയത്.
തുടര്‍ച്ചയായി മികച്ച ഫോമില്‍ തുടരുന്ന ഓപ്പണര്‍ വി.എ. ജഗദീഷിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് കേരളം 236 റണ്‍സെടുത്തത്. സച്ചിന്‍ ബേബി 96 പന്തില്‍ നിന്ന് 61 ഉം ജഗദീഷ് 98 പന്തില്‍ നിന്ന് 60 ഉം റണ്‍സെടുത്തു. പി. പ്രശാന്ത് 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എന്നാല്‍, മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. സഞ്ജു സാംസണ്‍ 18 ഉം രോഹന്‍ പ്രേം പത്തും അക്ഷയ് 12 ഉം റണ്‍സാണ് നേടിയത്. ജാര്‍ഖണ്ഡിനുവേണ്ടി രാഹുല്‍ ശുക്ല മൂന്നും ജസ്‌കരണ്‍ സിങ്, ക്യാപ്റ്റന്‍ വരുണ്‍ ആരോണ്‍, അങ്കിത് ദാസ്, ഷഹബാദ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ഇപ്പോള്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണുള്ളത്. ആദ്യ മത്സരത്തില്‍ ഹരിയാണയോട് ഒന്‍പത് റണ്‍സിന് തോറ്റ കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വെയെ തോല്‍പിച്ചിരുന്നു. ജാര്‍ഖണ്ഡിന് ഇപ്പോള്‍ എട്ട് പോയിന്റായി.