കാന്‍ബെറ: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നയ്ക്ക് പരിക്ക്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കയുടെ ആദ്യ ഇന്നിങ്‌സിലാണ് സംഭവം
31-ാം ഓവര്‍ എറിയാനെത്തിയത് കമ്മിന്‍സ്, ക്രീസിലുണ്ടായിരുന്നത് കരുണരത്‌ന. കമ്മിന്‍സിന്റെ വേഗതയേറിയ ബൗണ്‍സര്‍ നേരെ വന്നുകൊണ്ടത് കരുണരത്‌നയുടെ കഴുത്തിന് പിന്നിലായിരുന്നു.കുത്തിപ്പൊന്തിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോഴായിരുന്നു ഇത്.
വേദന സഹിക്കാനാകാതെ ലങ്കന്‍ ഓപ്പണര്‍ ഗ്രൗണ്ടില്‍ വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടനത്തന്നെ ലങ്കയുടേയും ഓസീസിന്റേയും വൈദ്യസംഘം ഗ്രൗണ്ടിലെത്തി പ്രഥമശുശ്രൂഷ നല്‍കി.
തുടര്‍ന്ന് എമര്‍ജന്‍സി വണ്ടിയില്‍ സ്‌ട്രെച്ചറില്‍ കിടത്തി താരത്തെ പുറത്തുകൊണ്ടുപോകുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്‌ന സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. ഗ്രൗണ്ട് വിടുമ്പോള്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്നു ലങ്കന്‍ താരം. 84 പന്തില്‍ 46 റണ്‍സടിച്ച കരുണരത്‌ന അഞ്ച് ബൗണ്ടറിയും നേടി.
Content Highlights: Karunaratne struck by Cummins Bouncer Sri Lanka vs Australia