ഹാമില്‍ട്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും വലിയ സ്‌കോറുമായി ന്യൂസീലന്‍ഡ്. ഹാമില്‍ട്ടനില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് ന്യൂസീലന്‍ഡ് ചരിത്രമെഴുതിയത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 715 റണ്‍സ് നേടിയ കിവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ന്റെ ഇരട്ട സെഞ്ചുറിയാണ് കിവീസ് ബാറ്റിങ്ങിന് കരുത്തു പകര്‍ന്നത്. 257 പന്തില്‍ നിന്ന് വില്ല്യംസണ്‍ 200 റണ്‍സ് അടിച്ചെടുത്തു. 19 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഈ ഇരട്ട സെഞ്ചുറി ഇന്നിങ്‌സ്.
നേരത്തെ ന്യൂസീലന്‍ഡിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ 690 റണ്‍സായിരുന്നു. 2014-ല്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെതിരെയായിരുന്നു കിവീസിന്റെ ഈ പ്രകടനം.
ഓപ്പണര്‍മാരായ ജീത് റാവലും ടോം ലാഥമും മികച്ച തുടക്കമാണ് ന്യൂസീലന്‍ഡിന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 254 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജീത് റാവല്‍ 220 പന്തില്‍ 132 റണ്‍സ് അടിച്ചപ്പോള്‍ ടോം ലാഥം 161 റണ്‍സ് നേടി.
ഓള്‍റൗണ്ടറായ കോളിന്‍ ഗ്രാന്ദോമിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനും ന്യൂസീലന്‍ഡിനെ തുണച്ചു. അഞ്ചു സിക്‌സ് ഉള്‍പ്പെടെ 53 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് ഗ്രാന്ദോം നേടിയത്.
Content Highlights: Kane Williamson hits double century as New Zealand join 700 runs club in Test cricket