'ഓരോ പന്ത് എറിയുമ്പോഴും ആര്‍ച്ചറുടെ നെഞ്ചിലൊരു സങ്കടം തളംകെട്ടി നില്‍പ്പുണ്ടായിരുന്നു'


2 min read
Read later
Print
Share

ലോകകപ്പില്‍ ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ എതിരാളികളുടെ മുട്ടുവിറപ്പിച്ചു. സെമിഫൈനലില്‍ ആര്‍ച്ചര്‍ എറിഞ്ഞ ഒരു പന്ത് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ അലെക്‌സ് കാരിയുടെ മുഖത്ത് വന്നിടിച്ച് ഹെല്‍മെറ്റിനേയും തട്ടിത്തെറിപ്പിച്ച് ചോര വീഴ്ത്തിയാണ് കടന്നുപോയത്.

രീബിയന്‍ ദ്വീപായ ബാര്‍ബഡോസില്‍ നിന്ന് സ്വപ്‌നം കണ്ടതെല്ലാം സ്വന്തമാക്കാന്‍ ഇംഗ്ലീഷ് മണ്ണിലെത്തിയവനാണ് ജോഫ്ര ആര്‍ച്ചര്‍. മെച്ചപ്പെട്ട ജീവിതസാഹചര്യവും സമാധാനത്തോടെയുള്ള ജീവതവുമായിരുന്നു അവന്റെ ആ സ്വപ്‌നങ്ങള്‍. എന്നാല്‍ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. മിന്നല്‍ വേഗം പോലെയുള്ള പന്തുകള്‍ അവനെ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടീമിലെത്തിച്ചു. ഇന്ന് 24-ാം വയസ്സില്‍ ഇംഗ്ലീഷ് ടീമിനൊപ്പം അവന്‍ ലോകകിരീടം വാനിലേക്കുയര്‍ത്തി.

ലോകകപ്പില്‍ ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ എതിരാളികളുടെ മുട്ടുവിറപ്പിച്ചു. സെമിഫൈനലില്‍ ആര്‍ച്ചര്‍ എറിഞ്ഞ ഒരു പന്ത് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ അലെക്‌സ് കാരിയുടെ മുഖത്ത് വന്നിടിച്ച് ഹെല്‍മെറ്റിനേയും തട്ടിത്തെറിപ്പിച്ച് ചോര വീഴ്ത്തിയാണ് കടന്നുപോയത്. കീഴ്ത്താടിയില്‍ നിന്ന് ചോര പൊടിഞ്ഞു. കാരിക്ക് പിന്നീട് ബാന്‍ഡേജ് കെട്ടി കളിക്കേണ്ടി വന്നു. ഫൈനലിലെ സൂപ്പര്‍ ഓവറിലും ആര്‍ച്ചര്‍ ഹീറോ ആയി. 15 റണ്‍സിന് ന്യൂസീലന്‍ഡിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ടിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായി.

11 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇംഗ്ലീഷ് ബൗളര്‍ എന്ന നേട്ടം ആര്‍ച്ചര്‍ ലോഡ്‌സില്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരവുമായി. എന്നാല്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തുമ്പോഴും ആര്‍ച്ചറുടെ നെഞ്ചില്‍ ഒരു സങ്കടമുണ്ടായിരുന്നു. അത്രയും പ്രിയപ്പെട്ടൊരാള്‍ നഷ്ടപ്പെട്ടതിന്റെ വേദന തളംകെട്ടിനില്‍പ്പുണ്ടായിരുന്നു. ഫൈനലിന് ശേഷം ആര്‍ച്ചറുടെ പിതാവ് ഫ്രാങ്ക് ആര്‍ച്ചര്‍ അതു വെളിപ്പെടുത്തി.

'അവന്റെ സമപ്രായക്കാരനായ, അവന്റെ കളിക്കൂട്ടുകാരനായ കസിന്‍ ബ്രദര്‍ അഷാന്റിയോ ബ്ലാക്ക്മാന്‍ കൊല്ലപ്പെട്ടത് ജൂണ്‍ ഒന്നിനാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ വിജയം ആഘോഷിച്ച് ഒരു ദിവസത്തിന് ശേഷം. ആ സങ്കട വാര്‍ത്ത അവനെ അറിയിക്കണോ എന്ന് ഞങ്ങള്‍ സംശയിച്ചു. പിന്നീട് അറിയിക്കാമെന്ന തീരുമാനത്തിലെത്തി. ഇത് അറിഞ്ഞപ്പോള്‍ അവനൊന്നും പറഞ്ഞില്ല. ഒരു നിശബ്ദത മാത്രമായിരുന്നു ഉത്തരം. അന്നു മുതല്‍ ആ സങ്കടം നെഞ്ചിലടക്കിപ്പിടിച്ചാണ് അവന്‍ ഓരോ മത്സരവും കളിച്ചത്.' ഫ്രാങ്ക് ആര്‍ച്ചര്‍ പറയുന്നു.

ബാര്‍ബഡോസിലെ സെന്റ് ഫിലിപ്പിലുള്ള സ്വന്തം വീടിന് മുന്നില്‍ വെച്ച് ആക്രമികള്‍ അഷാന്റിയോക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ച്ചറിന് അഷാന്റിയോ മെസ്സേജ് അയച്ചിരുന്നു. ലോകകപ്പുമായി തിരിച്ചുവരൂ എന്ന ആശംസയായിരുന്നു അത്. അതുപോലെ തന്നെ സംഭവിച്ചു. ആര്‍ച്ചര്‍ കപ്പ് നേടി. പക്ഷേ അതു കാണാന്‍ അഷാന്റിയോ ഉണ്ടായില്ലെന്നുമാത്രം.

Content Highlights: Jofra Archer privately carried grief of cousin's murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram