വെല്ലിങ്ടണ്‍: ഐ.പി.എല്‍ താരലേലത്തെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍. താരലേലം വെറുപ്പുളവാക്കുന്നതാണെന്നും കന്നുകാലി ചന്ത പോലെയാണെന്നുമായിരുന്നു അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹെത് മില്‍സിന്റെ വിമര്‍ശനം.
അതിപുരാതനവും പ്രൊഫഷണല്‍ രീതിക്ക് യോജിക്കാത്തതുമാണെന്നും ന്യൂസീലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹെത് മില്‍സിന്റെ വിമര്‍ശനം. കളിക്കാര്‍ ലേലത്തിനെത്തുന്നത് ഏത് ടീമില്‍ പോകും എന്നറിയാതെയാണ്. ഏത് ടീമിലേക്ക് പോകും, ആരായിരിക്കും സഹതാരങ്ങള്‍, ടീം ഉടമ ആരായിരിക്കും എന്നൊന്നും അറിയാന്‍ താരങ്ങള്‍ക്ക് സാധിക്കില്ലെന്നും മില്‍സ് ചൂണ്ടിക്കാട്ടി. മറ്റൊരു കായികമേഖലയും ഇത്തരമൊരു രീതി പിന്തുടരുന്നില്ലെന്നും മില്‍സ് വാദിക്കുന്നു.
ഐ.പി.എല്ലിന്റെ ഗുണങ്ങളെ തള്ളിക്കളയുന്നില്ല. അതിന്റെ പ്രചാരം ഏറെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കാരെ പങ്കെടുപ്പിക്കുന്ന രീതിയാണ് അംഗീകരിക്കാനാകാത്തതെന്ന് ഹെത് മില്‍സ് പറയുന്നു.
വെല്ലിങ്ടണ്‍ ക്രിക്കറ്റ് എക്‌സിക്യൂട്ടീവായ പീറ്റര്‍ ക്ലിന്റനും ലേലത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. മാന്യതയില്ലാത്തതും ക്രൂരവും അനാവശ്യവും തൊഴിലിന് നിരക്കാത്തതുമാണ് ഐ.പി.എല്‍ താരലേല രീതിയെന്നാണ് പീറ്റര്‍ ക്ലിന്റന്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നത്.
താരലേലത്തില്‍ ഇത്തവണയുണ്ടായിരുന്നത് 578 കളിക്കാരാണ്. എട്ടു ഫ്രാഞ്ചൈസികളിലേക്കായി 187 താരങ്ങള്‍ ഇതില്‍നിന്ന് വിറ്റുപോയി. ഫ്രാഞ്ചൈസികള്‍ ഇഷ്ടതാരത്തെ സ്വന്തമാക്കാന്‍ മത്സരിച്ചതോടെ വിപണയില്‍ 400 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്.
Content Highlights: IPL auction system parade players like cattle says New Zealand cricket