വെള്ളിയാഴ്ച്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും: എല്ലാ കണ്ണും ധോനിയിലേക്ക്...


3 min read
Read later
Print
Share

ടീമിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ധോനി ഉണ്ടാകുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ പറയുന്നു. അകത്തോ പുറത്തോ എന്ന് ക്രിക്കറ്റ് ബോര്‍ഡിനും സെലക്ഷന്‍ കമ്മിറ്റിക്കും കാണികള്‍ക്കും തിരിച്ചറിയാന്‍കഴിയാത്ത അവസ്ഥ

മുംബൈ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള കളിക്കാരിലൊരാളായ എം.എസ്.ധോനി ഇനി അന്താരാഷ്ട്ര മത്സരം കളിക്കുമോ? അതിന്റെ ഉത്തരം രഹസ്യമാണ്. അടുത്തമാസം നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പരമ്പരയില്‍ ധോനി ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍, ടീമിലുണ്ടാകില്ലെന്നതിന് ഉറപ്പില്ല.

ടീമിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ധോനി ഉണ്ടാകുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ പറയുന്നു. അകത്തോ പുറത്തോ എന്ന് ക്രിക്കറ്റ് ബോര്‍ഡിനും സെലക്ഷന്‍ കമ്മിറ്റിക്കും കാണികള്‍ക്കും തിരിച്ചറിയാന്‍കഴിയാത്ത അവസ്ഥ. വെള്ളിയാഴ്ച ടീമിനെ പ്രഖ്യാപിക്കും. ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ധോനി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്.

വിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20-യും രണ്ടു ടെസ്റ്റും കളിക്കും. ഋഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പിങ്ങില്‍ ധോനിയുടെ സ്വാഭാവിക പിന്‍ഗാമി. കഴിഞ്ഞവര്‍ഷം പരിക്കേറ്റ് സ്ഥാനം നഷ്ടപ്പെട്ടുപോയ വൃദ്ധിമാന്‍ സാഹയും ടെസ്റ്റില്‍ പരിഗണനയിലുണ്ടാകും.

38-ാം വയസ്സില്‍ ലോകകപ്പ് കളിക്കാനെത്തിയ ധോനിയുടെ കരിയറിന്റെ അവസാനം ഈ ടൂര്‍ണമെന്റിലാകുമെന്ന് പലരും കരുതി. സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വിരാട് കോലിയും ധോനിയും മൗനം പാലിച്ചു.

ലോകകപ്പില്‍ എട്ടു കളിയില്‍ ധോനി 273 റണ്‍സ് നേടിയിരുന്നു. എന്നാല്‍, ലോകകപ്പിലെ പ്രകടനം അത്ര ആകര്‍ഷകമായിരുന്നില്ല. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലും ധോനിക്ക് പിഴച്ചു. ധോനിക്ക് കീപ്പിങ്ങില്‍ പിഴയ്ക്കുന്നത് ആദ്യമായി കാണുകയായിരുന്നു. സച്ചിന്‍ അടക്കമുള്ളവര്‍ ധോനിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ചു.

വിന്‍ഡീസ് പര്യടനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ധോനിക്കും വിശ്രമം നല്‍കുന്നു എന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ധോനി പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നു എന്നും വ്യാഖ്യാനമുണ്ട്. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പ് നടക്കുന്നു. പുതുതലമുറ അക്ഷമയോടെ വാതിലില്‍ മുട്ടുമ്പോള്‍, ഈ ഫോമില്‍ ഇനിയൊരു വര്‍ഷംകൂടി പിടിച്ചുനില്‍ക്കാന്‍ ധോനിക്ക് കഴിയില്ല.

ഇന്ത്യയെ രണ്ടു ലോകകിരീടങ്ങളിലേക്ക് നയിച്ച ധോനിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ആഗ്രഹമുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരേ ഇന്ത്യയില്‍ ഈ വര്‍ഷം മത്സരമുണ്ട്. ഹോം മത്സരങ്ങളിലൊന്നില്‍ വിരമിക്കാനും സാധ്യതയുണ്ട്.

ശാസ്ത്രീയമോ വിട്ടുവീഴ്ചയോ?

ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും തിരഞ്ഞെടുക്കാന്‍ മൂന്നംഗ ഉപദേശകസമിതിയെ നിയോഗിച്ചു. ലോകകപ്പ് വിജയിച്ച ഇന്ത്യയുടെ നായകനും മുന്‍ പരിശീലകനുമായ കപില്‍ ദേവ്, മുന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ശാന്തരംഗസ്വാമി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. പരിശീലകസ്ഥാനത്തേക്ക് കഴിഞ്ഞദിവസം അപേക്ഷ ക്ഷണിച്ചിരുന്നു.

മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയെങ്കിലും ഇപ്പോഴത്തെ കോച്ച് രവിശാസ്ത്രിയും സഹപരിശീലകരും തത്സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെടും.

വിരാട് കോലി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തുടരുകയാണെങ്കില്‍ ശാസ്ത്രി പരിശീലകനായി തുടരാനിടയുണ്ട്. 2017-ല്‍ അനില്‍ കുംബ്ലെയെ മാറ്റി ശാസ്ത്രി പരിശീലകനായത് കോലിയുടെകൂടി താത്പര്യത്തോടെയായിരുന്നു. എന്നാല്‍, ഏകദിനത്തില്‍ രോഹിതിനെയും മറ്റ് ഫോര്‍മാറ്റുകളില്‍ കോലിയെയും നായകനാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഭാവിടീമിന്റെ ഘടനകൂടി കണക്കിലെടുത്താകും കോച്ചിന്റെ നിയമനം. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, മുന്‍ കോച്ച് ഗാരി കേസ്റ്റണ്‍ എന്നിവരടക്കം അഞ്ചുപേര്‍കൂടി പരിഗണനയിലുണ്ട്.

വീരേന്ദര്‍ സെവാഗ്: (40 വയസ്സ്)

1999 മുതല്‍ 2013 വരെ ഇന്ത്യന്‍ താരമായിരുന്നു സെവാഗ്. 2017-ല്‍ രവിശാസ്ത്രി പരിശീലകനായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സെവാഗും പരിഗണനയിലുണ്ടായിരുന്നു.

ട്രെവര്‍ ബെയ്ലിസ്: (56)

ഇക്കുറി ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം കോച്ച്. ഓസ്ട്രേലിയന്‍ കളിക്കാരനും കോച്ചും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്നു.

ഗാരി കേസ്റ്റണ്‍: (51)

2011 ലോകകപ്പ് വിജയിച്ച ഇന്ത്യയുടെ പരിശീലകനായിരുന്നു. 2023 ലോകകപ്പ് വീണ്ടും ഇന്ത്യയില്‍ നടക്കാനിരിക്കേ ഇന്ത്യയ്‌ക്കൊപ്പം മറ്റൊരു ലോകകപ്പ് വിജയത്തിന് ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വനിതാ ടീം കോച്ച് സ്ഥാനത്തേക്കും അപേക്ഷിച്ചിട്ടുണ്ട്.

മഹേല ജയവര്‍ധനെ: (42)

ശ്രീലങ്കക്കാരനായ മുന്‍ ലോകോത്തര ബാറ്റ്സ്മാന്‍. കഴിഞ്ഞ മൂന്നുവര്‍ഷം ഐ.പി.എല്ലില്‍ കിരീടം നേടിയ ടീമിന്റെ പിന്നണിയിലുണ്ടായിരുന്നു.

ടോം മൂഡി: (53)

ഓസ്ട്രേലിയയുടെ മുന്‍ താരവും കോച്ചും. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചാണിപ്പോള്‍. 2017-ലും ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.

Content Highlights: Indian Team West Indies Series Dhoni's Future

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ക്യാപ്റ്റന്‍ കോലി'; സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡും മറികടന്നു

Oct 11, 2019


mathrubhumi

1 min

മെല്‍ബണില്‍ ഓസീസ് വിജയം 247 റണ്‍സിന്; ന്യൂസീലന്‍ഡിനെതിരേ പരമ്പര

Dec 29, 2019


mathrubhumi

1 min

പരിഹസിച്ചവര്‍ക്ക് മറുപടി; ഓസീസ് മണ്ണില്‍ ഷായുടെ ഷോ

Dec 1, 2019