മുന്നില്‍ വിന്‍ഡീസ്; ലക്ഷ്യം ഓസീസ്, പൃഥ്വി ഷായ്ക്ക് അരങ്ങേറ്റം


2 min read
Read later
Print
Share

ഇന്ത്യ- വിന്‍ഡീസ് ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍. 12 അംഗ ടീമിനെ പ്രഖ്യാപിച്ചു; പൃഥ്വി ഷായ്ക്ക് അരങ്ങേറ്റം

രാജ്കോട്ട്: കളിക്കുന്നത് വിന്‍ഡീസിനെതിരേയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ളത് ഓസീസിനെതിരേ ഡിസംബറില്‍ നടക്കുന്ന പരമ്പരയാണ്. പുതിയ ചേരുവകളും പുത്തന്‍താരങ്ങളെയും പരീക്ഷിക്കാനുള്ള വേദിയായിട്ടാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിന്‍ഡീസ് പരമ്പരയെ കാണുന്നത്.

ആദ്യ ടെസ്റ്റ് വ്യാഴാഴ്ച രാജ്‌കോട്ടില്‍ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യ അത്തരത്തിലൊരു പരീക്ഷണം നടത്തി. പതിവിന് വിപരീതമായി ടെസ്റ്റിന് തലേദിവസം ടീമിനെ പ്രഖ്യാപിച്ചുകൊണ്ട്. മുംബൈ താരം പൃഥ്വി ഷാ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായി.

ബുധനാഴ്ച പ്രഖ്യാപിച്ച അവസാന 12 അംഗങ്ങളില്‍ വിക്കറ്റ് കീപ്പറടക്കം ആറു ബാറ്റ്സ്മാന്‍മാരും ആറു ബൗളര്‍മാരും സ്ഥാനം കണ്ടെത്തി. ടോസിന് തൊട്ടു മുമ്പായി അവസാന ഇലവനെ പ്രഖ്യാപിക്കുമ്പോള്‍ ആറു ബാറ്റ്സ്മാന്‍മാരും അഞ്ചു ബൗളര്‍മാരും വിരാട് കോലിയുടെ അന്തിമ ഇലവനില്‍ ഉണ്ടാകും.

ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയിയുമടക്കമുളള താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. പൃഥ്വി ഷായ്‌ക്കൊപ്പം കര്‍ണാടകക്കാരന്‍ മായങ്ക് അഗര്‍വാളാണ് ടീമിനൊപ്പമുള്ള മറ്റൊരു ബാറ്റ്സ്മാന്‍. രാജ്കോട്ടില്‍ തിളങ്ങാനായാല്‍ പൃഥ്വിക്ക് ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് കിട്ടും.

ഐ.സി.സി. ലോക റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലാണ് വിന്‍ഡീസിന്റെ സ്ഥാനം. ഇന്ത്യ ഒന്നാമതും മുന്‍ ചാമ്പ്യന്‍മാരായ വിന്‍ഡീസ് എട്ടാമതും നില്‍ക്കുന്നു. ക്രിക്കറ്റിലെ മുന്‍നിരക്കാരെന്ന സ്ഥാനം നഷ്ടമായ വിന്‍ഡീസിന് തിരിച്ചുവരാനുള്ള വേദി കൂടിയാണ് ഈ പരമ്പര. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍, ക്രെയ്ഗ് ബ്രാത് വൈറ്റ്, ദേവന്ദ്രേ ബിഷൂ എന്നിങ്ങനെ പരിചയസമ്പന്നര്‍ കുറച്ചേയുള്ളൂ വിന്‍ഡീസ് ടീമില്‍. ടീമിലെ പലര്‍ക്കും ഇന്ത്യന്‍ പര്യടനം ഇതാദ്യം. അതുകൊണ്ടുതന്നെ പൊരുതിനിന്നാല്‍ അത് ഭാവിയില്‍ അവര്‍ക്ക് ആത്മവിശ്വാസം പകരും.

'ഈ സംഘം ഉയര്‍ന്നുനില്‍ക്കണം, എന്നിട്ട് അവരുടേതായ വിധിയെഴുതണം, ചരിത്രം സൃഷ്ടിക്കണം. പ്രതാപത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് പ്രയാസമേറിയ കാര്യമാണ്' - മത്സരത്തിനുമുമ്പ് സ്വന്തം താരങ്ങള്‍ക്ക് വിന്‍ഡീസ് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ മുന്നറിയിപ്പ് നല്‍കുന്നു.

സുനില്‍ ആംബ്രിസ്, റോസ്റ്റണ്‍ ചെയ്സ്, ഷെയിന്‍ ഹോപ്പ്, കീമര്‍ റോച്ച്, ഷിംറോണ്‍ ഹെറ്റിമര്‍ എന്നീ താരങ്ങളും വിന്‍ഡീസ് ടീമിനൊപ്പമുണ്ട്.

ആരാകും പന്ത്രാണ്ടമന്‍

നിലവില്‍ പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍നിന്ന് ഒരാള്‍ ഒന്നാം ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവരും. ടീമിലുള്ള പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് എന്നീ ബാറ്റ്സ്മാന്മാര്‍ ഉറപ്പായും കളിക്കും. അങ്ങനെയെങ്കില്‍ ആറു ബൗളര്‍മാരില്‍ ഒരാളാകും ടീമില്‍നിന്ന് പുറത്തുപോവുക. ശാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നീ പേസര്‍മാരും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിങ്ങനെ മൂന്ന് സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. അതുകൊണ്ടുതന്നെ മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപിനും മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാല്‍ ശാര്‍ദുലിനും സ്ഥാനം നഷ്ടമാകും.

പിച്ച് മാറുമോ

സാധാരണ സ്പിന്‍ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഇന്ത്യന്‍ ക്യൂറേറ്റര്‍മാര്‍ വിദേശ ടീമുകള്‍ക്കുവേണ്ടി ഒരുക്കാറുള്ളത്. സന്ദര്‍ശകടീമുകള്‍ സ്പിന്‍ കുഴിയില്‍ വീഴുകയും ചെയ്യും. എന്നാല്‍ മറുചിന്തയ്ക്ക് ബി.സി.സി.ഐ. ഒരുങ്ങുന്നെന്നാണ് അണിയറയിലെ വാര്‍ത്തകള്‍. ഓസീസ് പര്യടനം ലക്ഷ്യമിട്ട് കൂടുതല്‍ ബൗണ്‍സും പേസും കിട്ടുന്ന പിച്ച് നിര്‍മിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചുവര്‍ഷത്തിനുശേഷം

വിന്‍ഡീസ് അവസാനമായി ഇന്ത്യയില്‍ കളിച്ച ടെസ്റ്റ് പരമ്പര, ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന അന്താരാഷ്ട്ര മത്സരം എന്ന നിലയില്‍ എന്നും ഓര്‍മിക്കപ്പെടുന്നു. 2013 നവംബറിലായിരുന്നു മത്സരം. പരമ്പര ഇന്ത്യ സ്വന്തമാക്കി (20). നവംബര്‍ 16-ന് വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റില്‍ 74 റണ്‍സെടുത്ത് സച്ചിന്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു. മത്സരം ഇന്ത്യ ഇന്നിങ്‌സിനും 126 റണ്‍സിനും ജയിച്ചു. 1994-ലാണ് ഇന്ത്യന്‍മണ്ണില്‍ വിന്‍ഡീസിന്റെ അവസാന ടെസ്റ്റ് ജയം. അതിനുശേഷം എട്ട് ടെസ്റ്റുകള്‍ അവര്‍ ഇവിടെ കളിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram