രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ പൃഥ്വി ഷായുടേയും അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ ചേതേശ്വര്‍ പൂജാരയുടേയും വിരാട് കോലിയുടേയും ബാറ്റിങ് മികവില്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 72 റണ്‍സുമായി കോലിയും 17 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആശിച്ച തുടക്കമാണ് പൃഥ്വി ഷാ നല്‍കിയത്. അതും, നേരിട്ട നാലാം പന്തില്‍ കെ.എല്‍ രാഹുല്‍ പുറത്തായശേഷം. അക്കൗണ്ട് തുറക്കുംമുമ്പ് ക്രീസ് വിട്ട രാഹുലിന് പിന്നാലെ പൂജാരയാണ് ക്രീസിലെത്തിയത്. പിന്നീട് പൂജാരയും പൃഥ്വി ഷായും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും 206 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
99 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഒരു പിടി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ച പൃഥ്വി ഷാ ആയിരുന്നു കൂടുതല്‍ അപകടകാരി. ബിഷുവിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 19 ഫോറടക്കം 134 റണ്‍സ് പൃഥ്വി ഷാ സ്വന്തം പേരില്‍ കുറിച്ചിരുന്നു. അതിന് മുമ്പ് ലൂയിസ് ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയിരുന്നു. 130 പന്തില്‍ 86 റണ്‍സ് നേടി ക്ഷമാപൂര്‍വ്വമായിരുന്നു പൂജാരയുടെ ബാറ്റിങ്.
ഷായും പൂജാരയും പുറത്തായതോടെ വിരാട് കോലിയും അജിങ്ക്യ രഹാനേയും ഒത്തുചേര്‍ന്നു. ഇരുവരും നാലാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 41 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി ചെയ്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഷാ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരവുമാണ് ഷാ. 18 വര്‍ഷവും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. ഏകദിന ശൈലിയില്‍ തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയും ഇല്ലാതെയായിരുന്നു പൃഥ്വി ഷായുടെ ബാറ്റിങ്.
Content Highlights: India vs West Indies First Test Rajkot Prtithvi Shaw