തിരുവനന്തപുരം: ലോക്കല്‍ ബോയ് സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ കളിക്കുമോ? ഞായറാഴ്ച ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോള്‍ മലയാളികളുടെമുന്നിലുള്ള മില്യന്‍ ഡോളര്‍ ചോദ്യം ഇതാണ്.
ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ കളിയില്‍ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാന്‍ മാനേജ്മെന്റ് തയ്യാറാകുമോയെന്നാണ് മറുചോദ്യം.
'നാട്ടിലെ കുട്ടി' എന്നതാണ് സഞ്ജുവിന്റെ പ്ലസ് പോയന്റ്. സെപ്റ്റംബറില്‍ ഇതേ ഗ്രൗണ്ടില്‍ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യ 'എ'യ്ക്കുവേണ്ടി 48 പന്തില്‍ 91 റണ്‍സടിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലും സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടിയില്ല. രണ്ട് പരമ്പരകളില്‍ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിപ്പിക്കാതിരുന്നാല്‍ ടീം മാനേജ്മെന്റിനെതിരേയും ചോദ്യമുയരും. കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതിന് കൂടുതല്‍ സാധ്യത തിരുവനന്തപുരത്തുതന്നെയാകും.
സഞ്ജുവിനെ കളിപ്പിക്കണമെങ്കില്‍ ആദ്യ മത്സരം ജയിച്ച ടീമില്‍നിന്ന് ആരെ മാറ്റുമെന്ന ചോദ്യമുണ്ട്. ഓപ്പണറായെത്തിയ ലോകേഷ് രാഹുല്‍ ഹൈദരാബാദില്‍ 62 റണ്‍സടിച്ച് സ്ഥാനമുറപ്പിച്ചു. പിന്നീടുള്ളത് ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ്.
നാലാമനായി സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ ഋഷഭ് പന്ത് 18 റണ്‍സേ എടുത്തുള്ളൂവെങ്കിലും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയെ സമ്മര്‍ദത്തില്‍നിന്ന് ഒഴിവാക്കി. ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്സ്മാനെന്ന സ്ഥാനം ഏകദേശം ഉറപ്പിച്ച ശ്രേയസ് അയ്യര്‍ വെള്ളിയാഴ്ച നാലുറണ്‍സെടുത്ത് പുറത്തായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മികച്ച ഇന്നിങ്സുകള്‍ കളിച്ച ശ്രേയസ്സിനെ ഒരൊറ്റ പിഴവിന് പുറത്തിരുത്താനിടയില്ല. ആറാമനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മാറ്റുമോ എന്നതാണ് മറ്റൊരു ചോദ്യം. അപ്പോള്‍ അഞ്ചുബൗളര്‍മാരുമായി (ഇതില്‍ രണ്ട് ഓള്‍റൗണ്ടര്‍മാര്‍) കളിക്കേണ്ടിവരും. അത് ഒരു ചൂതാട്ടമാകും.
Content Highlights: India vs West Indies fans eagerly waiting for Sanju samson to play for india