കരീബിയന്‍ ടെസ്റ്റിന് തുടക്കം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം


ഇന്ത്യ വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റ് ഇന്ന് വൈകീട്ട് ഏഴുമുതല്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം

ആന്റിഗ്വ: ഒരു മത്സരം, അതിന്റെ ഫലം രണ്ടുവര്‍ഷത്തിലേറെ നീണ്ടുനില്‍ക്കും. വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) പുതുതായി തുടങ്ങിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുരാജ്യങ്ങളുടെയും ആദ്യമത്സരമാണിത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ 2021 ജൂണിലായതിനാല്‍ ഈ ടെസ്റ്റിന്റെ ഫലം അക്കാലംവരെ പ്രധാനമാണ്. ടെസ്റ്റില്‍ ഏറെക്കാലമായി ഒന്നാം റാങ്കിലുള്ള ഇന്ത്യയ്ക്ക് ഒരു മത്സരംപോലും ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യന്‍ സമയം രാത്രി ഏഴുമുതല്‍ ആന്റിഗ്വയിലെ നോര്‍ത്ത് സൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം.

അതും തിരുത്താന്‍ കോലി

രണ്ടു ചരിത്രനേട്ടങ്ങള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നു. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ടെസ്റ്റ് ജയം സമ്മാനിച്ച നായകന്‍ എന്ന ധോനിയുടെ റെക്കോഡിനൊപ്പം കോലിയെത്തും. 60 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോനി 27 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ കോലി 46 മത്സരങ്ങളില്‍ 26 എണ്ണം ജയിച്ചു. ഈ മത്സരത്തില്‍ ഒരു സെഞ്ചുറി നേടിയാല്‍ കോലി നായകനെന്നനിലയില്‍ സെഞ്ചുറി നേട്ടത്തില്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്തും (19 സെഞ്ചുറി).

ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് ടെസ്റ്റില്‍ നായകനായി 25 സെഞ്ചുറി നേടിയിട്ടുണ്ട്. രണ്ടാംസ്ഥാനത്ത് ഇപ്പോള്‍ പോണ്ടിങ്ങാണ്.

അകത്തും പുറത്തും

അവസാനം കളിച്ച പരമ്പരയില്‍ മുരളി വിജയും കെ.എല്‍. രാഹുലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഈ കൂട്ടുകെട്ട് പരാജയമായപ്പോള്‍ മായങ്ക് അഗര്‍വാളിനെയും ഹനുമ വിഹാരിയെയും ഓപ്പണര്‍മാരാക്കി. പിന്നെ ഹനുമ വിഹാരിക്ക് പരിക്കേറ്റതോടെ മായങ്കിനൊപ്പം ലോകേഷ് തിരിച്ചെത്തി.

വിന്‍ഡീസിനെതിരേ മായങ്കും ലോകേഷും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഹനുമ വിഹാരിയും പരിഗണനയിലുണ്ടാകും. തുടര്‍ന്ന് ചേതേശ്വര്‍ പുജാരയും കോലിയുമുണ്ട്. കീപ്പറായി ഋഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത. ഫോമില്‍നില്‍ക്കെ പരിക്കുമൂലം സ്ഥാനം നഷ്ടമായ വൃദ്ധിമാന്‍ സാഹയും ടീമിലുണ്ട്.

രോഹിത് ശര്‍മ, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ എന്നിവര്‍ ഒരു സ്ഥാനത്തിനായി മത്സരിക്കുന്നു. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ കളിച്ചേക്കും.

കോലിയ്ക്ക് 18

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ജേഴ്സി നമ്പര്‍ 18 തന്നെ. ടെസ്റ്റില്‍ ജേഴ്സി നമ്പര്‍ അവതരിപ്പിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യമത്സരം വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെതിരേയാണ്. ആഷസ് പരമ്പരമുതലാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്.

മറ്റ് ഇന്ത്യന്‍ താരങ്ങളുടെ ജേഴ്സി നമ്പറുകള്‍: രോഹിത് ശര്‍മ - 45, അജിന്‍ക്യ രഹാനെ - 3, ചേതേശ്വര്‍ പുജാര - 25, രവീന്ദ്ര ജഡേജ - 8, ഇഷാന്ത് ശര്‍മ - 97, ഋഷഭ് പന്ത് - 17, മുഹമ്മദ് ഷമി - 11, കുല്‍ദീപ് യാദവ് - 21, മായങ്ക് അഗര്‍വാള്‍ -14, ആര്‍. അശ്വിന്‍ - 99, ഹനുമ വിഹാരി - 44.

ഇരു രാജ്യങ്ങളും തമ്മില്‍ ടെസ്റ്റില്‍ 90 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 30 എണ്ണത്തില്‍ വിന്‍ഡീസ് വിജയം കണ്ടു. 20 വിജയങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. 46 മത്സരങ്ങള്‍ സമനിലയായി.

1971 -ല്‍ അജിത് വഡേക്കറിന്റെ നേതൃത്വത്തിലായിരുന്നു വിന്‍ഡീസിനെതിരേ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ജയം. അന്നു ഗാരി സോബേഴ്സിനെയും സംഘത്തെയും 1-0 എന്ന നിലയ്ക്കാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടാം ടെസ്റ്റ് ഇന്ത്യ നേടിയപ്പോള്‍ ബാക്കി മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു.

Content Highlights: India vs West Indies 1st Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram