സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ വിരാട് കോലിയുടെ ടീം ഇന്ത്യക്ക് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് കളികളും നോക്കൗട്ട് മത്സരങ്ങള്‍. ഇനിയൊരു തോല്‍വി അല്ലെങ്കില്‍ സമനില, ടെസ്റ്റ് പരമ്പര നേടുകയെന്ന ടീമിന്റെ ലക്ഷ്യത്തെ തകര്‍ക്കും.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യത്തേതില്‍ തോറ്റാല്‍ പിന്നീട് ശേഷിക്കുന്ന രണ്ടെണ്ണവും ജയിക്കുകയല്ലാതെ മറ്റ് വഴികളില്ല. ആദ്യ കളി തോറ്റ സ്ഥിതിക്ക് ടീമില്‍ അഴിച്ചുപണി നടത്തി പോരായ്മ പരിഹരിക്കുക എന്നതുമാത്രമാണ് പോംവഴി.
ബൗളര്‍മാര്‍ 20 വിക്കറ്റ് വീഴ്ത്തുകയെന്ന ധര്‍മം നിര്‍വഹിച്ചു. പിഴച്ചത് ബാറ്റ്സ്മാന്മാര്‍ക്കാണ്. ആ പിഴവ് എങ്ങനെ പരിഹരിക്കുമെന്നതാണ് ടീം മാനേജുമെന്റിനെ കുഴക്കുന്ന ചോദ്യം. വിദേശത്ത് മികച്ച പ്രകടനം കാഴ്ചവെച്ച റെക്കോഡുള്ള വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആദ്യ ടെസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് രഹാനെയ്ക്ക് സ്ഥാനം നഷ്ടമാക്കിയത്.
പകരം ടീമിലെത്തിയ രോഹിത് ശര്‍മയാകട്ടെ ലങ്കയ്ക്കെതിരെ ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടി ടീമിലെ സ്ഥാനത്തിന് അവകാശമുന്നയിക്കുകയായിരുന്നു. ഫോമിന്റെ ബലത്തില്‍ ടീമിലെത്തിയ രോഹിത്തിനെ ഒരു ടെസ്റ്റിലെ പരാജയത്തിന്റെ പേരില്‍ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കുമോ എന്നതാണ് ക്രിക്കറ്റ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
അങ്ങനെ ചെയ്യുന്നത് അയാളുടെ ആത്മവിശ്വാസം തകര്‍ക്കാനേ വഴിവെക്കൂ. ശേഷിക്കുന്ന രണ്ടു ടെസ്റ്റും ജയിച്ചേ പറ്റൂ എന്ന നിലയില്‍ ഇറങ്ങുന്ന ടീമിന് സാവകാശം കൊടുക്കുകയെന്ന അപകടകരമായ തീരുമാനം എടുക്കാനാവാത്ത അവസ്ഥയാണ്.
രോഹിത്തിന് പകരം രഹാനെയും ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്തുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ഒരു വഴി. രഹാനെയ്ക്ക് മധ്യനിരയില്‍ ഇടംനല്കണമെങ്കില്‍ രോഹിത്തിനെ ഒഴിവാക്കണം.
മറ്റൊരുവഴി വിക്കറ്റ് കീപ്പര്‍ സാഹയെ ഒഴിവാക്കി പാര്‍ഥിവ് പട്ടേലിനെ മുരളി വിജയിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യിക്കുകയെന്നതാണ്. പക്ഷെ, ബാറ്റിങ്ങില്‍ ശോഭിച്ചില്ലെങ്കിലും കേപ് ടൗണ്‍ ടെസ്റ്റില്‍ 10 ക്യാച്ചുകള്‍ എടുത്ത് റെക്കോഡിട്ട സാഹയെ എങ്ങനെ മാറ്റിനിര്‍ത്തും?
ടീമില്‍ ആറാമത്തെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തണമെങ്കില്‍ ഓള്‍റൗണ്ടറുടെ റോള്‍ കൈകാര്യം ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യ ദിവസം ശരാശരി 18 ഓവറെങ്കിലും മികച്ച രീതിയില്‍ എറിയാന്‍ പ്രാപ്തനാണെന്ന് തെളിയിക്കണം.
ഒന്നാം ടെസ്റ്റില്‍ ടീമിലെ ഏറ്റവും മികച്ച പ്രകടനത്തിന്(94 റണ്‍സ്, മൂന്ന് വിക്കറ്റ്) അവകാശിയായ പാണ്ഡ്യയെ ഇനി ആദ്യ ഇലവനില്‍ നിന്നൊഴിവാക്കാനാവില്ല. രണ്ടാം ടെസ്റ്റില്‍ ടീമിനെ നിര്‍ണയിക്കല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിക്കൊരു വെല്ലുവിളി തന്നെയാണ്.
Content Highlights: India vs South Africa Test Cricket Rohit Sharma Ajinkya Rahane