സെഞ്ചൂറിയന്‍: അജിങ്ക്യ രഹാനെയ്ക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡ്. ആദ്യ ടെസ്റ്റില്‍ രഹാനെയ്ക്ക് അവസരം നല്‍കാത്ത കോലിയുടെ തീരുമാനം മണ്ടത്തരമെന്നാണ് ഡൊണാള്‍ഡ് വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരതയോടെ കാഴ്ച്ചവെക്കുന്ന താരമാണ് രഹനായെന്നും ആടിയുലയുന്ന ഇന്ത്യയ്ക്ക് ദിശ കാണിക്കാന്‍ രഹാനെയ്ക്ക് കഴിയുമെന്നും അലന്‍ ഡൊണാള്‍ഡ് പറഞ്ഞു. ടീമിന് പുറത്തിരുത്തിയത് മണ്ടത്തരമായാണ് കാണുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചപ്പോള്‍ രഹാനെയുടെ പ്രകടനം മികച്ചതായിരുന്നു. എല്ലാ അര്‍ത്ഥത്തിലും രഹാനെ ഒരു ലോകോത്തര താരമാണ്. അലന്‍ ഡൊണാള്‍ഡ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രതികരണം.
രഹാനെ സൈഡ് ബെഞ്ചിലിരിക്കുന്നതും കളിക്കാര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുന്നതും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അദ്ഭുതപ്പെടുത്തി. രഹാനെയെപ്പോലൊരു താരം അതിലും അര്‍ഹിക്കുന്നുവെന്ന് അവര്‍ക്കറിയാം. ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യന്‍ ബൗളിങ് നിരയെ പ്രശംസിക്കാനും അലന്‍ ഡൊണാള്‍ഡ് മറന്നില്ല. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് ഒപ്പം നില്‍ക്കുന്നവരാണ് ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും. ഈ ബൗളിങ് നിര ഇന്ത്യയുടെ നേട്ടമാണ്. ദക്ഷിണാഫ്രിക്കയുടെ പേസ് നിര വേഗതയുടെ ആനുകൂല്യമുള്ളവരാണെങ്കില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വ്യത്യസ്ത തരത്തില്‍ ബൗള്‍ ചെയ്യാനറിയാം. ഡൊണാള്‍ഡ് പറയുന്നു.
Content highlights: India vs South Africa Allan Donald On Ajinkya Rahane