ഇന്ത്യക്ക് സഡന്‍ ഡെത്ത്; 88 പന്തില്‍ വിജയറണ്‍ കുറിച്ച് ന്യൂസീലന്‍ഡ്


സന്ദര്‍ശകരെ 92 റണ്‍സിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ഹാമില്‍ട്ടന്‍: കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലേറ്റ നാണക്കേടിന് ഹാമില്‍ട്ടനില്‍ കണക്കുതീര്‍ത്ത് ന്യൂസീലന്‍ഡ്. നാലാം ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്തു. സന്ദര്‍ശകരെ 92 റണ്‍സിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ന്യൂസീലന്‍ഡിനായി 42 പന്തില്‍ 30 റണ്‍സുമായി നിക്കോള്‍സും 25 പന്തില്‍ 37 റണ്‍സോടെ റോസ് ടെയ്‌ലറും പുറത്താകാതെ നിന്നു. ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാറിനാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 92 റണ്‍സിന് പുറത്താ.യി. കരിയറില്‍ 200-ാം ഏകദിനം കളിക്കുന്ന രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ എല്ലാവരും ക്രീസ് വിടുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്ദ്ഹോമുമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. 10 ഓവറില്‍ നാല് മെയ്ഡനടക്കം 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോള്‍ട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇന്ത്യക്ക് ആറാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(13)നഷ്ടപ്പെട്ടു. ബോള്‍ട്ടിന്റെ പന്തില്‍ ധവാന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ബോള്‍ട്ടിന്റെ പന്തില്‍ ക്യാച്ച് നല്‍കി രോഹിത് ശര്‍മ്മയും (7) ക്രീസ് വിട്ടു. രോഹിതിന്റെ കരിയറിലെ 200-ാം ഏകദിനമായിരുന്നു ഇത്. അക്കൗണ്ട് തുറക്കും മുമ്പ് അമ്പാട്ടി റായിഡുവിനെ ഗ്രാന്ദ്ഹോം മടക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന്റേയും അവസ്ഥ ഇതു തന്നെയായിരുന്നു. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 33 റണ്‍സായി.

അരങ്ങേറ്റ താരം ശുഭ്മാന്‍ ഗില്ലും അവസരം മുതലെടുത്തില്ല. 21 പന്തില്‍ ഒമ്പത് റണ്‍സടിച്ച ഗില്ലിനെ ബോള്‍ട്ട് പുറത്താക്കി. കേദര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഓരോ റണ്‍ വീതം നേടി ക്രീസ് വിട്ടു. യഥാക്രമം ബോള്‍ട്ടിനും ഗ്രാന്ദ്ഹോമിനുമാണ് വിക്കറ്റ്. ഇതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 40 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.

Content Highlights: India vs New Zealand Fourth ODI Shubman Gill Debut

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram