സിഡ്നി: എം.എസ് ധോനിയുടെ കാലം കഴിഞ്ഞാല്‍ ഇന്ത്യയുടെ വിക്കറ്റിനു പിന്നില്‍ നില്ക്കാന് കെല്‍പ്പുള്ള താരമാണ് താനെന്ന് തെളിയിച്ച് യുവതാരം ഋഷഭ് പന്ത്. സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി പ്രകടനത്തോടെ ഏതാനും റെക്കോഡുകള്‍ കൂടി പന്ത് പോക്കറ്റിലാക്കി.
കരിയറിലെ എട്ടാമത്തെ ടെസ്റ്റ് കളിക്കുന്ന പന്ത് സിഡ്നി ടെസ്റ്റിൽ 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 159 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിലെ പന്തിന്റെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്. രണ്ടും പിറന്നത് ഏഷ്യയ്ക്ക് പുറത്തും. താരത്തിന്റെ ഉയര്‍ന്ന സ്കോറും ഇതാണ്.
ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോഡും പന്തിന് സ്വന്തമായി. 1967-ല്‍ ഫാറൂഖ് എന്‍ജിനീയര്‍ നേടിയ 89 റണ്‍സായിരുന്നു ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 2012-ല്‍ ധോനി സിഡ്നിയില്‍ നേടിയ 57 റണ്‍സും പന്തിനു മുന്നില്‍ വഴിമാറി.
കൂടാതെ ഇന്ത്യയ്ക്കു പുറത്ത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്കോര്‍ എന്ന ധോനിയുടെ റെക്കോഡും പന്ത് മറികടന്നു. 2006-ല്‍ ഫൈസലാബാദില്‍ പാകിസ്താനെതിരേ ധോനി നേടിയ 148 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
സിഡ്നിയിലെ സെഞ്ചുറിയോടെ ഉപഭൂഖണ്ഡത്തിന് പുറത്ത് ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖുര്‍ റഹീമിനൊപ്പം പങ്കിടാനും പന്തിനായി. 2017-ല്‍ വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡിനെതിരേയാണ് മുഷ്ഫിഖുര്‍ 159 റണ്‍സ് നേടിയത്.
2018-ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പന്ത് തന്റെ ആദ്യ രാജ്യാന്തര ടെസ്റ്റ് സെഞ്ചുറി നേടിയത്. സെപ്റ്റംബറില്‍ നടന്ന ഓവല്‍ ടെസ്റ്റില്‍ പന്ത് 114 റണ്‍സ് നേടി. ഇംഗ്ലിഷ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും അന്ന് പന്ത് സ്വന്തമാക്കിയിരുന്നു.
ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരവും പന്താണ്. 21 വയസും 92 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് പന്തിന്റെ സിഡ്നിയിലെ സെഞ്ചുറി. ഇതിലും ചെറിയ പ്രായത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ഓസീസ് മണ്ണില്‍ രണ്ടു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 18 വയസും 256 ദിവസവും പ്രായമുള്ളപ്പോഴും 18 വര്‍ഷവും 285 ദിവസവും പ്രായമുള്ളപ്പോഴുമായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ സെഞ്ചുറികള്‍.
ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന പത്താമത്തെ മാത്രം സന്ദര്‍ശക വിക്കറ്റ് കീപ്പറാണ് പന്ത്. മാത്രമല്ല ഓസ്ട്രേലിയയില്‍ ഇന്ത്യയ്ക്കായി ഏഴാം നമ്പറിലിറങ്ങി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരവും പന്താണ്. ഇന്ത്യയുടെ ദത്തു ഫട്ക്കറാണ് ആദ്യത്തെയാള്‍. ഇതിനു പുറമെ, ഓസീസ് മണ്ണില്‍ സന്ദര്‍ശക ടീമിന്റെ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്കോറും ഇനി പന്തിന്റെ പേരിലാണ്. 169 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ല്യേഴ്സാണ് ഇക്കാര്യത്തില്‍ മുന്നില്‍.
Content Highlights: india vs australia rishabh pant slams 2nd test century scripts new records