ധോനിക്കൊപ്പമെത്തിയും ധോനിയുടെ റെക്കോഡ് തിരുത്തിയും ഋഷഭ് പന്ത്; ഓസീസ് മണ്ണില്‍ ചരിത്രം


ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഋഷഭ് ധോനിക്കൊപ്പം പങ്കിട്ടു.

അഡ്‌ലെയ്ഡ്: ഒാസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്തി യുവതാരം ഋഷഭ് പന്ത്. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഋഷഭ് ധോനിക്കൊപ്പം പങ്കിട്ടു. ഇരുവരും ആറു ക്യാച്ചുകളാണ് നേടിയത്.

അതേസമയം ഓസ്‌ട്രേലിയക്കെതിരെ ഒരിന്നിങ്‌സില്‍ ആറു ക്യാച്ചെടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു. നേരത്തെ അഞ്ച് ക്യാച്ചെടുത്ത ധോനിയുടെ പേരിലായിരുന്നു റെക്കോഡ്‌. ദക്ഷിണാഫ്രിക്കയുടെ ഡെനിസ് ലിന്‍സേ, ഇംഗ്ലീഷ് താരങ്ങളായ ജാക്ക് റസല്‍, അലെക് സ്റ്റിവാര്‍ട്ട്, ക്രിസ് റെഡ്, മാറ്റ് പ്രിയര്‍ എന്നിവരാണ് ഋഷഭിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍മാര്‍.

ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരായിരുന്നു അഡ്‌ലെയ്ഡില്‍ ഋഷഭിന്റെ ഇരകള്‍. ഇതില്‍ അഞ്ചു ക്യാച്ചുകളും പേസര്‍മാരുടെ പന്തുകളിലായിരുന്നു. ഒരു ക്യാച്ച് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായ ആര്‍. അശ്വിന്റെ പന്തിലും.

2009-ല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിലാണ് ധോനി ആറു ക്യാച്ചെടുത്തത്. വെല്ലിങ്ടണില്‍ നടന്ന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു ധോനിയുടെ റെക്കോഡ് പ്രകടനം. ഒരു ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകളാണ് ലോക റെക്കോഡ്. ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലര്‍, പാകിസ്താന്റെ വസീം ബാരി, ന്യൂസീലന്‍ഡിന്റെ ഇയാന്‍ സ്മിത്ത്, വിന്‍ഡീസിന്റെ റിഡ്ലി ജേക്കബ്സ് എന്നിവരുടെ പേരിലാണ് ഈ റെക്കോഡ്.

Content Highlights: India vs Australia Rishabh Pant creates history in Adelaide Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram