ഇന്ത്യ തിരിച്ചടിക്കുന്നു, ലോകേഷ് രാഹുലിന് അര്‍ധ സെഞ്ചുറി


ജഡേജക്ക് അഞ്ചു വിക്കറ്റ്, സ്മിത്തിനും മാക്‌സ്‌വെല്ലിനും സെഞ്ചുറി

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാമിന്ന്ങ്‌സ് സ്‌കോറായ 451 റണ്‍സിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി.

67 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയില്‍ നാലാം അര്‍ധ സെഞ്ചുറി കുറിച്ച ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്‌. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 42 റണ്‍സുമായി മുരളി വിജയും 10 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

നേരത്തെ 178 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 104 റണ്‍സടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികവിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. 361 പന്തില്‍ 17 ഫോറിന്റെ അകമ്പടിയോടെ സ്മിത്ത് 178 റണ്‍സുമായി പുറത്താകാതെ നിന്നു.

104 റണ്‍സടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്മിത്ത് പറ്റിയ പങ്കാളിയായതോടെ ഓസീസിന്റെ സ്‌കോര്‍ 400 പിന്നിടുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 ഓവറില്‍ 191 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ആദ്യ ദിനം പരമ്പരയിലെ തന്റെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് ടെസ്റ്റ് കരിയറില്‍ 19-ാം സെഞ്ചുറിയും നേടി.

അര്‍ധ സെഞ്ചുറി നേടിയ രാഹുലിന്റെ ആഘോഷം

— BCCI (@BCCI) March 17, 2017

ഒപ്പം തന്റെ 97-ാം ഇന്നിങ്സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്സ്മാനാണ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാനും മാത്യു ഹെയ്ഡനുമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്. അതേസമയം ടെസ്റ്റ് കരിയറിലെ കന്നി സെഞ്ചുറിയാണ് മാക്‌സ്‌വെല്‍ പിന്നിട്ടത്.

രണ്ടാം ദിനം നാല് വിക്കറ്റിന് 299 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് മാക്‌സ്‌വെല്ലിനെ നഷ്ടമായത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വൃദ്ധിമാന്‍ സാഹക്ക് ക്യാച്ച് നല്‍കി മാക്‌സ്‌വെല്‍ പുറത്താകുകയായിരുന്നു.

പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനായില്ല. മാത്യു വെയ്ഡിനെയും കുമ്മിന്‍സിനെയും ഒരേ ഓവറില്‍ പുറത്താക്കി ജഡേജയാണ് ഓസീസിന്റെ വാലറ്റത്തെ തകര്‍ത്തത്. അവസാനം ഹെയ്‌സെല്‍വുഡിനെ റണ്ണൗട്ടാക്കി ലോകേഷ് രാഹുല്‍ ഓസീന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചു തുല്ല്യതയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram