മുംബൈ: ആറാം നമ്പറില്‍ ഇന്ത്യക്കായി ആര് ബാറ്റിങ്ങിനിറങ്ങണം? അതിപ്പോഴും സ്ഥിരം അവകാശികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ആറാം നമ്പറില്‍ കളിച്ചെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ ആറാം സ്ഥാനത്തേക്ക് ഒരു ബാറ്റ്‌സ്മാനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ആറാമത് കളിപ്പിക്കണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. ആറാം നമ്പര്‍ ഏറെ നിര്‍ണാകമാണെന്നും സന്തുലിതമായ ഒരു ടീമിനെയാണ് കളിപ്പിക്കുന്നതെങ്കില്‍ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനെ ഇറക്കണമെന്നും ഗവാസ്‌ക്കര്‍ പറയുന്നു.
''സന്തുലിതമായി ഒരു ടീമിനെയാണ് ഒരുക്കുന്നതെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ആറാം സ്ഥാനത്തിറങ്ങണം. ഓരോ മത്സരത്തിലും മുപ്പതും നാല്‍പ്പതും റണ്‍സ് ഋഷഭ് നേടി. സിഡ്‌നിയിലെത്തിയപ്പോള്‍ 159 റണ്‍സ് അടിച്ചെടുത്തു. എപ്പോഴും ഋഷഭിന് മികച്ച തുടക്കം ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആറാം നമ്പറില്‍ ഋഷഭ് വളരെ ഉപകാരിയായിരിക്കും. കൂടുതല്‍ ഉത്തരവാദിത്തം വരും. അങ്ങനെയെങ്കില്‍ മുപ്പതും നാല്‍പ്പതും റണ്‍സുകള്‍ സെഞ്ചുറിയാക്കാന്‍ അവന് കഴിയും.'' ഗവാസ്‌ക്കര്‍ വ്യക്തമാക്കി.
സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഋഷഭ് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഗവാസ്‌ക്കറെ ആകര്‍ഷിച്ചത്. രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് 204 റണ്‍സ് കൂട്ടുകെട്ടാണ് ഋഷങ് പടുത്തുയര്‍ത്തിയത്. 159 റണ്‍സുമായി ഋഷഭ് പുറത്താകാതെ നില്‍ക്കുകയും ചെയ്തു.
Content Highlights: India vs Australia Gavaskar wants this cricketer to bat at No. 6 for India