ക്രിക്കറ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓസീസും ഇന്ത്യയുമാണ് കളത്തിലെങ്കില്‍ അവിടെ തീ പാറുമെന്നുറപ്പാണ്. ഇടയ്ക്ക് ഇരുടീമുകളിലെയും കളിക്കാര്‍ തമ്മിലുള്ള വാക്‌പോരുമുണ്ടാകാറുണ്ട്. പുണെയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ആ ശത്രുതയുടെ ചരിത്രമൊന്ന് പരിശോധിക്കാം.
കലി തുള്ളി സുനില്‍ ഗവാസ്‌ക്കര്‍
1981ലെ മെല്‍ബണ്‍ ടെസ്റ്റില്‍ സുനില്‍ ഗവാസ്‌ക്കറുടെ ചുവന്ന മുഖം കണ്ടവരാരും പിന്നീട് അത് മറന്നിട്ടുണ്ടാകില്ല. ഓസ്‌ട്രേലിയന്‍ ഇതിഹാസ ബൗളര്‍ ഡെന്നീസ് ലില്ലിയുടെ പന്തില്‍ 70 റണ്‍സെടുത്ത് നില്‍ക്കെ എല്‍.ബി.ഡബ്ല്യുവില്‍ പുറത്തായതാണ് ഗവാസ്‌ക്കറെ ദേഷ്യം പിടിപ്പിച്ചത്. ആ പന്ത് തന്റെ ബാറ്റിലാണ് തട്ടിയതെന്നായിരുന്നു ഗവാസ്‌ക്കറുടെ വാദം. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ ഗവാസ്‌ക്കര്‍ക്ക് ക്രീസ് വിടേണ്ടി വന്നു.
പോകുന്നതിനിടയില്‍ അമ്പയറെയും ലില്ലിയെയും രൂക്ഷമായി നോക്കിയ ഗവാസ്‌ക്കര്‍ അന്തം വിട്ടു നില്‍ക്കുന്ന സഹഓപ്പണര്‍ ചേതന്‍ ചൗഹാനെയും ക്രീസ് വിടാന്‍ നിര്‍ബന്ധിച്ചു. ഗവാസ്‌ക്കറെ അനുസരിച്ച ചേതനും ക്രീസ് വിട്ടു. ഇരുവരും ബൗണ്ടറി ലൈനിനരികില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ മാനേജര്‍ ഷാഹിദ് ദുരാനി വന്ന് ഇരുവരെയും ആശ്വസിപ്പിക്കുകയായിരുന്നു. കളി നിര്‍ത്തിയാല്‍ ഓസ്‌ട്രേലിയ ജയിക്കുന്നതിനൊപ്പം ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിക്കുമെന്നും ദുരാനി താക്കീത് നല്‍കി. പിന്നീട് തന്റെ അന്നത്തെ സ്വഭാവത്തില്‍ ഗവാസ്‌ക്കര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
തോളില്‍ തട്ടി പൂജ്യത്തിന് പുറത്തായ തെണ്ടുല്‍ക്കര്‍
ഇതും ഒരു എല്‍.ബി.ഡബ്ല്യു ഔട്ടിന്റെ കഥയാണ്. 1999ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയ അമ്പയറോടുള്ള ദേഷ്യം ഇപ്പോഴും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരാധകര്‍ക്ക് മാറിയിട്ടുണ്ടാകില്ല. ഗ്ലെന്‍ മഗ്രാത്തിന്റെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സച്ചിന്റെ ഇടതുതോളില്‍ പന്ത് തട്ടുകയായിരുന്നു.
മഗ്രാത്തിന്റെ അപ്പീല്‍ പരിഗണിച്ച അമ്പയര്‍ ഡാരില്‍ ഹാര്‍പെര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഔട്ട് വിധിച്ചു. സച്ചിന്‍ റണ്ണൊന്നുമെടുക്കാതെ ക്രീസ് വിടുകയും ചെയ്തു. ഒരു ദേഷ്യവും പുറത്തു കാണിച്ചില്ല. എന്നാല്‍ താന്‍ പുറത്തായ രീതിയില്‍ നിരാശയുണ്ടെന്ന് സച്ചിന്‍ പിന്നീട് പറഞ്ഞു.
ഗാംഗുലിയെ കാത്തിരുന്ന് മടുത്ത് സ്റ്റീവോ
സൗരവ് ഗാംഗുലി ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന സമയത്താണ് ദാദയെ കാത്തുനിന്ന് സ്റ്റീവോയുടെ കാല്‍ കഴച്ചത്. 2001ലെ പരമ്പരക്കിടെയായിരുന്നു സംഭവം. ടോസിടാന്‍ എല്ലാവരും കാത്തു നില്‍ക്കെ ഗാംഗുലി നേരം വൈകി എത്തുകയായിരുന്നു.
പിന്നീട് ഗാംഗുലിയുടെ ഈ പ്രവൃത്തിയെ കുറിച്ച് സ്റ്റീവോ തന്റെ ആത്മകഥയില്‍ എഴുതുകയും ചെയ്തു. ഗാംഗുലിക്ക് ഒരാളെ ബഹുമാനിക്കാനറിയില്ല എന്നാണ് സ്റ്റീവോ പറഞ്ഞത്. ഗാംഗുലിയുടെ ഈ ദുശ്ശീലം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വോ പറയുന്നു. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന ഗാംഗുലിക്ക് അക്കാലത്ത് അഹങ്കാരം കൂടുതലായിരുന്നുവെന്നും അത് ക്രീസിലും കാണിച്ചുവെന്നും വോ തുറന്നു പറഞ്ഞു. പിന്നീട് ഗാംഗുലി അന്ന് എന്തിനാണ് താന്‍ നേരം വൈകിപ്പിച്ചതെന്ന് വെളിപ്പെടുത്തി. ഓസ്‌ട്രേലിയയുടെ ധാര്‍ഷ്ട്യം കലര്‍ന്ന സ്വഭാവത്തിന് മറുപടി നല്‍കുകയായിരുന്നു ഗാംഗുലിയുടെ ലക്ഷ്യം.
മങ്കിഗെയ്റ്റ് വിവാദം
2008 ല്‍ സിഡ്‌നിയില്‍ നടന്ന ന്യൂ ഇയര്‍ ടെസ്റ്റ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശത്രുതക്ക് മികച്ച ഉദാഹരണമാണ്. ഇന്ത്യയുടെ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് തന്നെ 'മങ്കി' എന്ന് വിളിച്ചുവെന്നായിരുന്നു ഓസീസ് താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ ആരോപണം. എന്നാല്‍ ഹര്‍ഭജന്‍ സിങ്ങ് ഇത് നിഷേധിച്ചു. പക്ഷേ വംശീയമായി ആക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി ഹര്‍ഭജനെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. എന്നാല്‍ ഹര്‍ഭജനെ ശിക്ഷിച്ചാല്‍ ഇന്ത്യ പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതോടെ വിലക്ക് പിന്‍വലിച്ചു. പരമ്പരയില്‍ ഓസീസ് 2-1 ന് ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു.
നടുവിരല്‍ കാണിച്ച് കോലി
മങ്കി ഗെയ്റ്റ് വിവാദം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ചയായത് ഫിംഗര്‍ഗെയ്റ്റ് വിവാദമായിരുന്നു. ഈ വിവാദത്തില്‍ പ്രതി ഇന്ത്യന്‍ യുവതാരം വിരാട് കോലിയായിരുന്നു. സിഡ്‌നി ടെസ്റ്റിനിടെ ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു കോലി ഗാലറിക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. ഗാലറിയിലിരുന്ന് ഓസീസ് ആരാധകര്‍ നടത്തിയ ചീത്ത പരാമര്‍ശങ്ങളാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്.
ഇത് ക്യാമറയില്‍ പെട്ടതോടെ ഇന്ത്യന്‍ ക്യാപ്റ്റന് മാച്ച് ഫീയുടെ 50% പിഴയായി നല്‍കേണ്ടി വന്നു. അന്ന് ഗാലറിയില്‍ നിന്ന് അമ്മയെയും സഹോദരിയെയും തെറി പറയുന്നത് കേള്‍ക്കേണ്ടി വന്നതിനാലാണ് കോലി അത്രയും രൂക്ഷമായി പ്രതികരിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.