തിരുവനന്തപുരം: കാര്യവട്ടത്തെ സ്‌പോര്‍ട്സ് ഹബ്ബില്‍ നേരത്തേ നടന്ന രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ആ കണക്കുകളില്‍ വിശ്വസിച്ച്, വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു.
ഈ സ്റ്റേഡിയത്തില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും വിന്‍ഡീസും മുഖാമുഖം വരുമ്പോള്‍ ജയത്തോടെ ട്വന്റി 20 പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.
വെള്ളിയാഴ്ച ഹൈദരാബാദില്‍നടന്ന ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചത് കോലിപ്പടയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും ബൗളര്‍മാരുടെ അച്ചടക്കമില്ലായ്മ കാരണം മത്സരം അടിയറവെക്കേണ്ടിവന്നതിന്റെ തലവേദനയിലാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്.
മുന്നില്‍നിന്ന് നയിക്കാന്‍ കോലി
ആദ്യ ട്വന്റി 20-യില്‍ രോഹിത് ശര്‍മ പെട്ടെന്ന് പുറത്തായിട്ടും ക്യാപ്റ്റന്റെ ഇന്നിങ്സിലൂടെ ടീമിനെ വിജയത്തിലെത്തിക്കാന്‍ കോലിക്ക് കഴിഞ്ഞു. പൊള്ളാര്‍ഡിന്റെയും വിന്‍ഡീസ് ബൗളര്‍മാരുടെയും എല്ലാ തന്ത്രങ്ങളും കോലി പൊളിച്ചു. തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷമുള്ള സാക്ഷാല്‍ കിങ് കോലി ഇന്നിങ്സ്. മത്സരശേഷം കോലി പറഞ്ഞപോലെ, ഇന്നിങ്സിന്റെ അവസാനംവരെ രോഹിതോ കോലിയോ ക്രീസിലുണ്ടായിരിക്കണമെന്നതാണ് ടീമിന്റെ തന്ത്രം. അത് പ്രാവര്‍ത്തികമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയ ലോകേഷ് രാഹുലിന്റെ അര്‍ധസെഞ്ചുറിയും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, പേസര്‍ ദീപക് ചഹാര്‍ എന്നിവരുടെ പ്രകടനത്തെ ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്നു.
ട്വന്റി 20-യില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന ബഹുമതി നേടാന്‍ ചാഹലിന് ഒരു വിക്കറ്റുകൂടി മതി. സ്പിന്നര്‍ ആര്‍. അശ്വിനുമായി ഇപ്പോള്‍ തുല്യതയിലാണ് അദ്ദേഹം. ദീപക് ചഹാറിന് സ്‌പോര്‍ട്സ് ഹബ് ഒരര്‍ഥത്തില്‍ ഹോം ഗ്രൗണ്ടാണ്. ദക്ഷിണാഫ്രിക്ക എ-യ്‌ക്കെതിരേയും ഇംഗ്ലണ്ട് കോട്സിനെതിരേയും അദ്ദേഹം ഇവിടെ പന്തെറിഞ്ഞിട്ടുണ്ട്. മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ വിദര്‍ഭയ്‌ക്കെതിരേ രാജസ്ഥാനുവേണ്ടി ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത് മടങ്ങിയത് ഈയിടെയാണ്.
വിന്‍ഡീസിന് തിരിച്ചുവരണം
മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ വിന്‍ഡീസിന് ഈ മത്സരം ജയിച്ചേ മതിയാകൂ. ആദ്യ മത്സരത്തില്‍ അവരുടെ ബാറ്റ്സ്മാന്‍മാര്‍ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. എന്നാല്‍, 14 വൈഡും മൂന്ന് നോബോളുമടക്കം 23 എക്സ്ട്രാ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍മാര്‍ ടീമിനെ പിന്നോട്ടടിച്ചു. ഇത് പരിഹരിക്കാതെ നിവൃത്തിയില്ല. ജാസണ്‍ ഹോള്‍ഡറും ഷെല്‍ഡണ്‍ കോട്രാലും കെസ്രിക്ക് വില്യംസും അടങ്ങുന്ന ബൗളിങ് നിര അവസരത്തിനൊത്തുയര്‍ന്നാലേ രക്ഷയുള്ളൂ. ആദ്യമത്സരത്തിന് ആവേശം പകര്‍ന്ന കോലി - കെസ്രിക് വില്യംസ് ഉരസല്‍ ഇവിടെയും ആവര്‍ത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ.്
കാലാവസ്ഥ
ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് മഴപെയ്തു. ഞായറാഴ്ചയും ഒന്നോ രണ്ടോ തവണ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഴ പെയ്താല്‍തന്നെ അരമണിക്കൂറിനകം കളി പുനരാരംഭിക്കാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങള്‍ സ്റ്റേഡിയത്തിലുണ്ട്.
പിച്ചില്‍ റണ്ണൊഴുകും
കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ഉപയോഗിച്ച പിച്ചുതന്നെയാണ് ഞായറാഴ്ചത്തെ മത്സരത്തിനും തയ്യാറാക്കിയിരിക്കുന്നത്. പിച്ചില്‍ റണ്ണൊഴുകുമെന്ന് ക്യുറേറ്റര്‍ ബിജു പറയുന്നു. ഫ്‌ളാറ്റ് വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് ഉണങ്ങിയ പിച്ചിന്റെ ഗുണം ലഭിക്കും. ചെറിയ മഞ്ഞുള്ളതിനാല്‍ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് ചെറിയ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ ടോസ് നിര്‍ണായകമാകും.
Content Highlights: India v West Indies 2nd t20 India to win series