പെര്‍ത്ത്: സ്പിന്നര്‍മാര്‍ക്ക് പേരുകേട്ട നാടാണ് ഇന്ത്യ. എന്നാല്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഒരൊറ്റ സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണ മാത്രമാണ് സ്പിന്നറെ കൂടാതെ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്.
2008-ല്‍ ധോനിയുടെ കീഴില്‍ പെര്‍ത്തിലും, 2018-ല്‍ കോലിയുടെ നേതൃത്വത്തില്‍ ജോഹാനസ്ബര്‍ഗിലും മാത്രമാണ് ഇന്ത്യ സ്പിന്നറെ മാറ്റി നിര്‍ത്തി ഇതിന് മുന്‍പ് ഇറങ്ങിയിരിക്കുന്നത്.
പെര്‍ത്തിലെ പിച്ച് പേസര്‍മാരെ കയ്യഴിഞ്ഞ് സഹായിക്കുന്നതാണെന്ന ധാരണയാണ് ഇന്ത്യയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. എന്നാല്‍ നാലു പേസര്‍മാരുമായി ടെസ്റ്റിനിറങ്ങിയ ക്യാപ്റ്റന്‍ കോലിയുടെ തീരുമാനത്തില്‍ പല മുന്‍ താരങ്ങളും ചോദ്യം ചെയ്യുകയാണ്. അശ്വിന് പരിക്കേറ്റങ്കിലും രവീന്ദ്ര ജഡേജയേയും കുല്‍ദീപ് യാദവിനെയും കോലി ടീമില്‍ എടുത്തില്ല. പകരം ഉമേഷ് യാദവ് ടീമിലിടം പിടിച്ചു.
എന്നാല്‍ ഹനുമ വിഹാരിയാണ് ഇന്ത്യയ്ക്കായി നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയത്. അദ്ദേഹം ബൗണ്‍സ് നന്നായി പ്രയോജനപ്പെടുത്തി. നിലയുറപ്പിച്ച ഹാരിസിന്റെയും ഷോണ്‍ മാര്‍ഷിന്റെയും വിക്കറ്റുകളാണ് വിഹാരി വീഴ്ത്തിയത്.
മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍ തന്നെ ഈ തീരുമാനത്തെ വിമര്‍ശിച്ചു. പേസര്‍മാര്‍ക്ക് പിന്തുണ കിട്ടുന്നതാണെങ്കിലും വരണ്ട പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബൗളിങ്ങില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. ജഡേജ നല്ല ഒരു ഓപ്ഷനായിരുന്നു. പന്ത് ടേണ്‍ ചെയ്യിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ആറ് ഓപ്പണിങ് ബാറ്റ്സ്മാന്‍മാരെ കളിപ്പിച്ച തീരുമാനം പോലെയാണ് ഇപ്പോഴത്തേത്. ഓരോ ബാറ്റിങ് പൊസിഷനിലും സ്പെഷ്യലൈസ്ഡ് ആയവര്‍ ഉണ്ടാകും. അതുപോലെ തന്നെയാണ് ബൗളിങ്ങിലുമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പെര്‍ത്തിലെ പിച്ച് കണ്ട് ഇന്ത്യ കബളിപ്പിക്കപ്പെട്ടെന്ന് മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞു. പെര്‍ത്തിലെ പുല്ല് നിറഞ്ഞ പിച്ചിന്റെ പേരില്‍ ഉയര്‍ന്ന വിലയിരുത്തലുകളാണ് ഇന്ത്യയുടെ തീരുമാനത്തില്‍ നിര്‍ണായകമായത്. പേസും, ബൗണ്‍സും നിറഞ്ഞതാകും വാക്കയിലെ പിച്ചെന്ന് ഇന്ത്യ വിശ്വസിച്ചു പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം എന്തുകൊണ്ട് താന്‍ സ്പിന്നറെ കളിപ്പിച്ചില്ലെന്ന് കോലി സ്വയം ചോദിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ചൂണ്ടിക്കാട്ടി.
Content Highlights: india made a mistake former players pointed observation about india