തിരുവനന്തപുരം: രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 138 റണ്‍സിനായിരുന്നു ഇന്ത്യയുടെ യുവനിരയുടെ വിജയം. 304 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 37.4 ഓവറില്‍ 165 റണ്‍സിന് എറിഞ്ഞിട്ടു. ഈ വിജയത്തോടെ, അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മല്‍സരം 27-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തില്‍ പോലും താളം കണ്ടെത്താനായില്ല. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 48 റണ്‍സ് നേടിയ ഓപ്പണര്‍ അലക്‌സ് ഡേവിസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലൂയിസ് ഗ്രിഗറി (46 പന്തില്‍ 39), വില്‍ ജാക്‌സ് (30 പന്തില്‍ 20), ഡാനി ബ്രിഗ്‌സ് (19 പന്തില്‍ 14), ബെന്‍ ഡക്കറ്റ് (10 പന്തില്‍ 12), സാം ബില്ലിങ്‌സ് (17 പന്തില്‍ 12) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.
ഇന്ത്യ എയ്ക്കായി മായങ്ക് മാര്‍ക്കണ്ഡെ 8.4 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ 9 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് പിഴുതു. ഹനുമ വിഹാരി, ചാഹര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് അര്‍ധസെഞ്ചുറികളാണ് കരുത്തായത്. രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (91), ഹനുമ വിഹാരി (92), ശ്രേയസ് അയ്യര്‍ (65) എന്നിവരാണ് ഇന്ത്യ എയെ 300 കടത്തിയത്. രണ്ടാം വിക്കറ്റില്‍ രഹാനെ-വിഹാരി സഖ്യം കൂട്ടിച്ചേര്‍ത്ത 181 റണ്‍സ് നിര്‍ണായകമാകുകയായിരുന്നു.
117 പന്തില്‍ നാലു വീതം ബൗണ്ടറിയും സിക്‌സും സഹിതമായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. രഹാനേയേക്കാള്‍ ആക്രമണോത്സുകത കാട്ടിയ വിഹാരി 83 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് 92 റണ്‍സെടുത്തത്. ഇരുവരും പുറത്തായശേഷം അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്താണ് ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടിയത്. 47 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 65 റണ്‍സെടുത്ത് 50-ാം ഓവറില്‍ ശ്രേയസ് ഓവറില്‍ പുറത്തായി.
അന്‍മോല്‍പ്രീത് സിങ് (14 പന്തില്‍ ഏഴ്), അങ്കിത് ബാവ്നെ (27 പന്തില്‍ 18), ഇഷാന്‍ കിഷന്‍ (നാലു പന്തില്‍ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അക്‌സര്‍ പട്ടേല്‍ എട്ടു പന്തില്‍ എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടും ജയിംസ് പോര്‍ട്ടര്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlights: India A Wins vs England Lions Second Odi Rahul Dravid