മാങ്ഗ്വാങ്: ബാറ്റുകൊണ്ട് ഡെയ്ല്‍ സ്‌റ്റെയ്‌നും പന്തുകൊണ്ട് ഇമ്രാന്‍ താഹിറും തിളങ്ങിയ മത്സരത്തില്‍ സിംബാബ്‌വെയെ 120 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക.
രണ്ടു വര്‍ഷത്തിനു ശേഷം ഏകദിന ടീമിലേക്കു മടങ്ങിയെത്തിയ സ്റ്റെയ്ന്‍ 60 റണ്‍സോടെ ദക്ഷിണാഫ്രിക്കയുടെ രക്ഷകനാകുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ സ്റ്റെയ്‌നിന്റെ ഇന്നിങ്‌സാണ് 198-ല്‍ എത്തിച്ചത്. 85 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സുമടക്കമാണ് സ്റ്റെയ്ന്‍ 60 റണ്‍സെടുത്തത്. സിംബാബ്‌വെയുടെ ആദ്യ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതും സ്റ്റെയ്‌നാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയെ ഏകദിനത്തിലെ തന്റെ ആദ്യ ഹാട്രിക്കടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിര്‍ എറിഞ്ഞിടുകയായിരുന്നു. വെറും 24 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി താഹിര്‍ ആഞ്ഞടിച്ചപ്പോള്‍ സിംബാബ്‌വെ ഇന്നിങ്‌സ് വെറും 78 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 198, സിംബാബ്വെ 78.
18-ാം ഓവറിലെ അവസാന പന്തില്‍ ഷോണ്‍ വില്യംസിനെ പുറത്താക്കിയ താഹിര്‍ 20-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ പീറ്റര്‍ മൂര്‍, ബ്രണ്ടന്‍ മാവുട്ട എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ സ്റ്റെയ്‌നും ഫെലുഖ്‌വായോയും ചേര്‍ന്ന 75 റണ്‍സ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്.
Content Highlights: imran tahir dale steyn star as south africa beat zimbabwe