ദുബായ്: ഐ.സി.സിയുടെ പുതുക്കിയ ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 935 പോയിന്റുകളോടെയാണ് കോലി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലനിര്‍ത്തിയത്.
അതേസമയം റാങ്കിങ്ങില്‍ ഏറെ നേട്ടമുണ്ടാക്കിയത്, വിന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായും ഋഷഭ് പന്തുമാണ്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച നായകന്‍ പൃഥ്വിക്ക് സീനിയര്‍ ടീമിന്റെ വെളുത്ത കുപ്പായത്തില്‍ എന്നെന്നും ഓര്‍മ്മിക്കാവുന്ന അരങ്ങേറ്റമായിരുന്നു. രാജ്കോട്ടിലെ സെഞ്ചുറിക്കു പിന്നാലെ പൃഥ്വിയുടെ റാങ്കിങ് 73 ആയിരുന്നു. പിന്നാലെ ഹൈദരാബാദിലെ രണ്ട് ഇന്നിങ്സുകള്‍ക്കു (70, 33 നോട്ടൗട്ട്) ശേഷം 13 സ്ഥാനം മെച്ചപ്പെടുത്തി പൃഥ്വി 60-ാം റാങ്കിലെത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനും റാങ്കിങ്ങില്‍ ഏറെ മുന്നേറാനായി. വിന്‍ഡീസ് പരമ്പരയ്ക്കു മുന്‍പ് പന്ത് 111-ാം സ്ഥാനത്തായിരുന്നു. രാജ്കോട്ടിലേയും ഹൈദരാബാദിലെയും 92 റണ്‍സ് പ്രകടനത്തോടെ പന്ത് ഇപ്പോള്‍ 62-ാം സ്ഥാനത്താണ്.
ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യ രഹാനെ നാലു സ്ഥാനം മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി. രണ്ടാം ടെസ്റ്റില്‍ നേടിയ 80 റണ്‍സാണ് രഹാനെയ്ക്ക് തുണയായത്. വിരാട് കോലിക്കു പിന്നാലെ സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് തുടര്‍ന്നുള്ള താരങ്ങള്‍. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്താണ്.
രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേഷ് യാദവും നാലു സ്ഥാനം മെച്ചപ്പെടുത്തി. നാട്ടില്‍ നടന്ന ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസ് ബൗളര്‍ എന്ന റെക്കോഡ് നേടിയ ഉമേഷ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇപ്പോള്‍ 25-ാം സ്ഥാനത്താണ്.
Content Highlights: icc test rankings virat kohli maintains top spot prithvi shaw rishabh pant make big gains