ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ഇന്ത്യയുടെ സുവര്‍ണകാലമാണ്. കളിച്ച അഞ്ച് ടെസ്റ്റില്‍ അഞ്ചും തികച്ചും ആധികാരികമായി തന്നെ ജയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പര അക്ഷരാര്‍ഥത്തില്‍ തന്നെ തൂത്തുവാരുകയായിരുന്നു ഇന്ത്യ. ഈ തുടര്‍ജയങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 240 പോയിന്റാണ്.
ഇതോടെ മറ്റ് ടെസ്റ്റ് രാജ്യങ്ങളില്‍ നിന്ന് അതിവേഗം ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് 60 പോയിന്റ് മാത്രമാണ് ഉള്ളതെന്ന് അറിയുമ്പോഴേ ഇന്ത്യയുടെ മേധാവിത്വം വ്യക്തിമാവൂ. മറ്റ് എട്ട് രാജ്യങ്ങളുടെ പോയിന്റുകള്‍ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്തെത്തില്ല. മറ്റ് ടീമുകളുടെ മൊത്തം പോയിന്റ് കൂട്ടിൽ 232 പോയിന്റേ ആവുകയുള്ളൂ. ഇന്ത്യയ്ക്ക് അപ്പോഴും എട്ട് പോയിന്റിന്റെ ലീഡുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന് രണ്ട് ടെസ്റ്റില്‍ നിന്നാണ് 60 പോയിന്റ് ലഭിച്ചത്. ഒരു മത്സരം അവര്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. രണ്ട് ടെസ്റ്റ് കളിച്ച ശ്രീലങ്കയ്ക്കും 60 പോയിന്റാണുള്ളത്. അവരും ഒന്നില്‍ ജയിക്കുകയും ഒന്നില്‍ തോല്‍ക്കുകയും ചെയ്തു. അഞ്ച് ടെസ്റ്റ് കളിച്ച ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഇരു ടീമുകളും ആഷസ് പരമ്പരയില്‍ രണ്ടെണ്ണം ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഒരെണ്ണം സമനിലയിലായി.
രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിന്‍ഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാകിസ്താനും ഈ കാലയളവില്‍ ടെസ്‌റ്റൊന്നും കളിച്ചിട്ടുമില്ല.
Content Highlights: ICC Test Championship Points Table: India remain No One with 240 points