മെല്‍ബണ്‍: നാട്ടിലെ പിച്ചുകളിലും വിദേശ പിച്ചുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ ഇന്ത്യയ്ക്ക് കുറവാണ്. രണ്ടിടത്തും മികവ് പുലര്‍ത്തുന്ന ഒരാളാണ് ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യ രഹാനെ. കുറച്ചു നാളായി തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഓസ്ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ താരം മികവിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ മെല്‍ബണില്‍ ആരംഭിക്കാനിരിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടാന്‍ തനിക്കാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് രഹാനെ. മത്സരത്തിന് മുന്നോടിയായി മെല്‍ബണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത രണ്ടു ടെസ്റ്റുകളിലും മികവ് പുലര്‍ത്താനാകുമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പഴയ ആത്മവിശ്വാസവും ആക്രമണോത്സുകതയും വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടാന്‍ തനിക്കാകും. അഡ്ലെയ്ഡിലും പെര്‍ത്തിലും മികച്ച രീതിയില്‍ കളിക്കാനായിട്ടുണ്ട്. അറ്റാക്ക് ചെയ്താണ് കഴിഞ്ഞ നാലു ഇന്നിങ്സുകളും കളിച്ചത്. പഴയ താളം ഇപ്പോള്‍ വീണ്ടെടുത്തു കഴിഞ്ഞു'', രഹാനെ പറഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്ന് രണ്ടു അര്‍ധ സെഞ്ചുറിയടക്കം 164 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്.
മെല്‍ബണില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ അത് തനിക്കും ടീമിനും വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെഞ്ചുറി നേടുന്നതിനെ കുറിച്ച് ചിന്തിച്ച് തല പുകയ്ക്കാനില്ലെന്നും രഹാനെ പറയുന്നു. ടീമിന് മികച്ച സംഭാവന നല്‍കുന്നതിനാണ് മുന്‍തൂക്കം. ഇപ്പോഴത്തേതു പോലെ തന്നെ മികച്ച രീതിയില്‍ തുടര്‍ന്നും ബാറ്റ് ചെയ്യാനാണ് ശ്രമമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
Content Highlights: i may score 100 or even 200 in 3rd test says india vice captain ajinkya rahane