മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മിതാലി രാജിനെ ട്വന്റി 20 ലോകകപ്പ് സെമിയില്‍ കളിപ്പിക്കാതിരുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കനക്കുകയാണ്.
വിഷയത്തില്‍ മിതാലിക്ക് പിന്തുണയുമായി സൗരവ് ഗാംഗുലിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിവാദത്തില്‍ മിതാലിക്ക് പിന്തുണയറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായിരുന്ന സുനില്‍ ഗവാസ്‌ക്കര്‍.
മിതാലിയെ പോലെ അനുഭസമ്പത്തുള്ള ഒരു താരത്തെ ലോകകപ്പ് സെമിഫൈനല്‍ പോലുള്ള നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്താന്‍ പാടില്ലായിരുന്നുവെന്ന് ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.
അവര്‍ക്ക് ഒരു മത്സരത്തില്‍ പരിക്കേറ്റിരുന്നു എന്നത് വാസ്തവം, എന്നാല്‍ അടുത്ത മത്സരം കളിക്കാന്‍ അവര്‍ സജ്ജയായിരുന്നു. പുരുഷ ക്രിക്കറ്റിലായിരുന്നു ഈ സാഹചര്യമെങ്കിലോ? വിരാട് കോലിക്കാണ് ഒരു മത്സരത്തില്‍ പരിക്കേറ്റിരുന്നതെന്ന് സങ്കല്‍പ്പിക്കുക. നോക്കൗട്ട് മത്സരം കളിക്കാന്‍ അദ്ദേഹം സജ്ജനാണെന്നും കരുതുക. നിങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കുമോ?, ഗവാസ്‌ക്കര്‍ ചോദിച്ചു.
മിതാലിയുടെ കാര്യത്തില്‍ തനിക്ക് വിഷമമുണ്ട്. അവര്‍ പറയുന്നതില്‍ കാര്യമുണ്ട്. 20 വര്‍ഷത്തിലധികം അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിച്ചു. റണ്‍സ് കണ്ടെത്തി. ലോകകപ്പിലെ രണ്ടു മത്സരങ്ങളിലും താരമായി, ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
വിന്നിങ് കോമ്പിനേഷന്‍ മാറ്റേണ്ടന്ന തീരുമാനമാണ് മിതാലിയെ പുറത്തിരുത്താന്‍ കാരണമായതെന്നാണ് ടീം മാനേജ്‌മെന്റ് വിശദീകരിച്ചത്. എന്നാല്‍ ഇതിനോട് യോജിക്കുന്നില്ലെന്ന് ഗവാസ്‌ക്കര്‍ വ്യക്തമാക്കി. ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍ പ്രധാന താരങ്ങളെയാണ് കളിപ്പിക്കേണ്ടത്. സെമിയില്‍ മിതാലിയുടെ അനുഭവസമ്പത്തും കഴിവും ഉപയോഗപ്പെടുത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഈ വിഷയത്തില്‍ രമേഷ് പൊവാറിന്റെ പങ്കിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൊവാറിന് എന്താണ് പറ്റിയതെന്ന് അറിയില്ല. എങ്കിലും മിതാലിയെ പുറത്തിരുത്തിതിനു പറഞ്ഞ കാരണങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: feel sorry for mithali raj says sunil gavaskar