അന്ന് വിശപ്പടക്കാന്‍ കഴിച്ച നൂഡില്‍സാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്: ഹാര്‍ദിക് പറയുന്നു


2 min read
Read later
Print
Share

പതിനാറ് വയസ്സിലൊക്കെ ഭക്ഷണത്തോട് അടങ്ങാത്ത ആഗ്രഹമായിരിക്കും. എല്ലാം രുചിച്ചു നോക്കണമെന്ന് തോന്നും. കൈയില്‍ കാശില്ലാത്തതിനാല്‍ ആഗ്രഹങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് അടക്കിവെച്ചത്

ക്രിക്കറ്റില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയ്ക്കും ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യക്കും ഒരു കാലമുണ്ടായിരുന്നു. ക്രിക്കറ്റ് കിറ്റ് പോലും കടം വാങ്ങി കളിക്കാന്‍ പോയിരുന്ന കാലം. അന്ന് പരിശീലനത്തിനിടയില്‍ എല്ലാ കുട്ടികളും ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഹാര്‍ദികിന്റെയും ക്രുണാലിന്റെയും കൈയില്‍ ഒന്നുമുണ്ടാകില്ല. ഒരു ചെറിയ നൂഡില്‍സ് കവറല്ലാതെ.

ഗ്രൗണ്ടിലെ തോട്ടക്കാരന്റെ കൈയില്‍ നിന്ന് ചുടുവെള്ളം വാങ്ങി ആ നൂഡില്‍സ് വേവിച്ചാണ് ചേട്ടനും അനിയനും വയർ നിറച്ചിരുന്നത്. ഹാര്‍ദിക് പല വേദികളിലും തന്റെ ഈ കഷ്ടപ്പാടിന്റെ കഥ പറഞ്ഞതാണ്. വാട്ട് ദ ഡക്ക് എന്ന ക്രിക്കറ്റ് ഷോയില്‍ തന്റെ കുട്ടിക്കാലം ഒരിക്കല്‍ കൂടി ആരാധകരുമായി ഹാര്‍ദിക് പങ്കുവെച്ചു.

'19 വയസ്സിലെത്തും മുമ്പ് ഞാന്‍ നൂഡില്‍സിന്റെ ആരാധകനായിരുന്നു. അത് നൂഡില്‍സിനോട് ഭയങ്കര ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. സാഹചര്യം അങ്ങനെയായിരുന്നു. ഈ നൂഡിൽസായിരുന്നു അന്നെന്റെ വിശപ്പ് മാറ്റിയിരുന്നത്. ക്രിക്കറ്റ് താരമെന്ന നിലയിലുള്ള ഭക്ഷണക്രമം ഒന്നും താങ്ങാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെയും വൈകുന്നേരവും മാഗിയാണ് കഴിച്ചിരുന്നത്. രാവിലെ മത്സരം തുടങ്ങുമ്പോള്‍ കഴിക്കും. പിന്നെ രാത്രി കളി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും '- ഹാര്‍ദിക് പറയുന്നു.

പതിനാറ് വയസ്സിലൊക്കെ ഭക്ഷത്തോട് അടങ്ങാത്ത ആഗ്രഹമായിരിക്കും. എല്ലാം രുചിച്ചു നോക്കണമെന്ന് തോന്നും. കൈയില്‍ കാശില്ലാത്തതിനാല്‍ ആഗ്രഹങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് അടക്കിവെച്ചത്. ഇപ്പോള്‍ എനിക്ക് എന്തുവേണമെങ്കിലും കഴിക്കാം. ഇഷ്ടമുള്ളതെല്ലാം ലഭിക്കും. പക്ഷേ അന്നത്തെ ആ സാഹചര്യത്തോട് എനിക്ക് നന്ദി പറയാന്‍ മാത്രമേയുള്ളു. കാരണം ഞാന്‍ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നതിന് കാരണം ആ വിശപ്പിന്റെ നാളുകളാണ്-ഹാര്‍ദിക് മനസ്സ് തുറന്നു.

ഞാനും ക്രുണാലും ക്രിക്കറ്റ് കിറ്റ് കടം വാങ്ങിയാണ് കളിക്കാന്‍ പോയിരുന്നതെന്ന് പലര്‍ക്കുമറിയില്ല. വീട്ടില്‍ ഒരു കാര്‍ ഉണ്ടായിരുന്നു. അതുകണ്ട് ഞങ്ങള്‍ക്ക് സാമ്പത്തികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെറ്റിദ്ധരിച്ചു. ആ കാറിലാമ് ഞങ്ങള്‍ കളിക്കാന്‍ പോയിരുന്നത്. പക്ഷേ ഞങ്ങളുടെ കൈയിലെ കിറ്റ് ബറോഡ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് കടം വാങ്ങിയതാകും. ഒരു വര്‍ഷമായിരുന്നു അതിന്റെ കാലാവധി. അന്ന് എനിക്ക് 17ഉം ക്രുണാലിന് 19ഉം വയസ്സാണെന്ന് തോന്നുന്നു. കാറില്‍ വരുന്നവര്‍ക്ക് ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള പണമില്ലെ എന്നാണ് എല്ലാവരും ചോദിക്കുക.

വീട്ടില്‍ വരുമാനമുള്ള ഏക ആൾ അച്ഛനായിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായ ആളാണ് അച്ഛന്‍. ഒരു ദിവസം രാത്രി അച്ഛന്‍ കുഴഞ്ഞുവീണു. ഭാഗ്യത്തിന് കൃത്യസമയത്ത് ഞങ്ങള്‍ക്ക് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു. അവിടെ നിന്നാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒരു സമ്പാദ്യവും കൈയിലില്ലായിരുന്നു.

ചെറുപ്പത്തില്‍ വ്യത്യസ്ത ടീമുകൾക്കു വേണ്ടിയാണ് ഞാനും ക്രുണാലും കളിച്ചിരുന്നത്. ഒരു മത്സരത്തിന് അവന് 500 രൂപയും എനിക്ക് 400 രൂപയും ലഭിക്കും. കാറില്‍ പലപ്പോഴും പെട്രോള്‍ ഉണ്ടാകില്ല. പമ്പിന് കുറച്ചകലെ കാര്‍ നിര്‍ത്തി കുപ്പിയിലാണ് പെട്രോള്‍ വാങ്ങുക. എപ്പോഴും രണ്ടു കുപ്പി വാങ്ങും. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു കുപ്പി സൂക്ഷിച്ചുവെക്കും. ഐ.പി.എല്ലില്‍ കളിക്കുന്നതിന് ആറു മാസം മുമ്പ് വരെ ഇങ്ങനെയാണ് ഞാന്‍ ജീവിച്ചത്.

ഹാര്‍ദികും ക്രുണാലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കളിച്ചത്. പക്ഷേ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരം ലഭിച്ചത് അനിയന്‍ പാണ്ഡ്യക്കായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram