മനസിന് സുഖമില്ല; ഗ്ലെന്‍ മാക്‌സ്‌വെല്‍ ബ്രേക്കെടുക്കുന്നു


ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 കളിച്ച മാക്‌സ്‌വെല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി ബ്രേക്കെടുക്കുന്നു. പരിക്കല്ല, മാസികാരോഗ്യമാണ് കാരണം.

മനസിന് സുഖമില്ലാത്തതിനാല്‍ മാക്‌സ്‌വെല്‍ താത്കാലികമായി ക്രിക്കറ്റില്‍ നിന്ന് ബ്രേക്കെടുക്കുന്ന വിവരം ടീം സൈക്കോളജിസ്റ്റ് ഡോ.മൈല്‍ ലോയ്ഡാണ് വെളിപ്പെടുത്തിയത്. മാക്‌സ്‌വെല്‍ താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞുവെന്നും ഡോ. ലോയ്ഡ് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20 കളിച്ച മാക്‌സ്‌വെല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടി20യില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയിരുന്നു. അടുത്ത മത്സരങ്ങളില്‍ ഡി ആര്‍സി ഷോര്‍ട്ടാണ് പകരക്കാരന്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

മാക്‌സ്‌വെല്ലിന് സുഖം പ്രാപിച്ച് തിരിച്ചുവരാന്‍ ടീമിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ടീമില്‍ അധികം വൈകാതെ തിരിച്ചെത്താന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു. കളിക്കാരുടെയും ജീവനക്കാരുടെയും ഉന്നമനത്തിനാണ് തങ്ങള്‍ മുന്‍തൂക്കം കൊടുക്കുന്നതെന്നും ക്രിക്കറ്റ് വിക്‌ടോറിയയുടെ സപ്പോര്‍ട്ട് സ്റ്റാഫുമായി ചേര്‍ന്ന് മാക്‌സ്‌വെല്ലിന്റെ തിരിച്ചുവരവിനുവേണ്ടി പ്രയത്‌നിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്‌സിക്യുട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒലിവര്‍ അറിയിച്ചു.

ഇയ്യിടെ സിഡ്‌നി മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ കളിക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പുറമെ നിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമാണെന്ന് തോന്നുമെങ്കിലും കളിക്കാരുടെ ജീവിതം അത്ര എളുമല്ല. ഹോട്ടല്‍ മുറിയില്‍ മണിക്കൂറുകളോളം തനിച്ചിരിക്കേണ്ടിവരുന്നതും കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ടിവരുന്നതുമൊന്നും എളുപ്പമുള്ള കാര്യമല്ല. കളികളും യാത്രകളും കൂടുമ്പോള്‍ കുടുംബത്തില്‍ നിന്ന് കൂടുതല്‍ കാലം അകന്നുനില്‍ക്കേണ്ടിവരും. ഇതിനൊക്കെ കളിക്കാര്‍ക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. പോരാത്തതിന് പുതിയ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കളിക്കാരുടെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കണ്ണെറിയാന്‍ അവസരം ലഭിക്കുമ്പോള്‍ കളിക്കാര്‍ക്ക് ജീവിതം എളുപ്പമല്ലെന്നും മാക്‌സ്‌വെല്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ മാനസികാരോഗ്യം ചൂണ്ടിക്കാട്ടി കളിയില്‍ നിന്ന് ബ്രേക്കെടുക്കുന്നത്.

ഓസ്‌ട്രേലിയക്കുവേണ്ടി ഏഴ് ടെസ്റ്റും 110 ഏകദിനങ്ങളും 61 ടി20 മത്സരങ്ങളുമാണ് മാക്‌സ്‌വെല്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഒരു സെഞ്ചുറി അടക്കം 2877 റണ്‍സും 50 വിക്കറ്റുകളും ടി20യില്‍ മൂന്ന് സെഞ്ചുറി അടക്കം 1576 റണ്‍സും 26 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Glenn Maxwell, Australian Cricket Team, T20

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram