രാജ്കോട്ട്: പൃഥ്വി ഷായുടെ റെക്കോഡ് സെഞ്ചുറി നേട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യയുടെ ഡ്രസ്സിങ് റൂം. 99-ാം പന്തില്‍ യുവതാരം സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഡ്രസ്സിങ് റൂമില്‍നിന്ന് സഹതാരങ്ങള്‍ ആവേശത്തോടെ എഴുന്നേറ്റുനിന്നു. എല്ലാവരുടേയും മുഖത്ത് സന്തോഷമായിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേയും എഴുന്നേറ്റുനിന്ന് കൈയ്യടിയോടെയാണ് സെഞ്ചുറി ഇന്നിങ്‌സിനെ സ്വീകരിച്ചത്. പൃഥ്വി ഷായില്‍ അര്‍പ്പിച്ച വിശ്വാസം അവന്‍ കാത്തുസൂക്ഷിച്ചതിലുള്ള സംതൃപ്തി ഇരുവരുടേയും മുഖത്തുണ്ടായിരുന്നു.
ഒപ്പം സോഷ്യല്‍ മീഡിയയും പൃഥ്വി ഷായ്ക്കുള്ള അഭിനന്ദനം കൊണ്ട് നിറഞ്ഞു. മുന്‍താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെല്ലാം പൃഥ്വി ഷായെ അഭിനന്ദിച്ചു. രോഹിത് ശര്‍മ്മ, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ്ങ് എന്നിവരും യുവതാരത്തിന് പ്രചോദനം നല്‍കുന്ന കുറിപ്പുകളെഴുതി.
അരങ്ങേറ്റക്കാരന്റെ പേടിയും പതര്‍ച്ചയുമില്ലാതെ കളിക്കുന്നത് കാണാന്‍ തന്നെ മനോഹരമാണെന്നും ഈ ബാറ്റിങ് തുടരുക എന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. മുന്നിലുള്ളത് ശോഭനമായ ഭാവിയാണെന്നായിരുന്നു ലക്ഷ്മണ്‍ കുറിച്ചത്. ഇത് ആരംഭമാണെന്നും ഇവനില്‍ ഒരുപാട് കഴിവുകളുണ്ടെന്നുമായിരുന്നു സെവാഗിന്റെ ട്വീറ്റ്.
Content Highlights: Former cricketers applaud Prithvi Shaw’s confident hundred