തകർത്തടിച്ചിട്ടും തലനാരിഴയ്ക്ക് റെക്കോഡ് നഷ്ടപ്പെട്ട് നീഷാം


2 min read
Read later
Print
Share

ആദ്യ നാലു പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ നീഷാം അടുത്ത പന്തില്‍ രണ്ട് ബൈ റണ്‍സ് ഓടിയെടുത്തു.

ക്രൈസ്റ്റ് ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് വിസ്‌ഫോടനം സൃഷ്ടിച്ച് ന്യൂസീലന്‍ഡ് താരം ജെയിംസ് നീഷാം. ശ്രീലങ്കയുടെ തിസാര പെരേര എറിഞ്ഞ ഒരോവറില്‍ അഞ്ചു സിക്‌സറുകളാണ് നീഷാം അടിച്ചു കൂട്ടിയത്.

ശ്രീലങ്ക-ന്യൂസീലന്‍ഡ് ഒന്നാം ഏകദിനത്തിന്റെ 49-ാം ഓവറിലായിരുന്നു നീഷാമിന്റെ ബാറ്റിങ് വെടിക്കെട്ട്. അഞ്ച് സിക്‌സറുകളടക്കം 34 റണ്‍സാണ് പെരേരയുടെ ഈ ഓവറില്‍ നീഷാം അടിച്ചുകൂട്ടിയത്. ആദ്യ നാലു പന്തുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയ നീഷാം അടുത്ത പന്തില്‍ രണ്ട് ബൈ റണ്‍സ് ഓടിയെടുത്തു. ആ പന്ത് നോ ബോളുമായിരുന്നു. ഫ്രീ ഹിറ്റ് ലഭിച്ച അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍. അവസാന പന്തും ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ 13 പന്തില്‍ ആറു സിക്‌സ് സഹിതം 47 റണ്‍സെടുത്ത നീഷാമിന് ഏകദിനത്തിലെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോഡ് നഷ്ടമായത് നേരിയ വ്യത്യാസത്തിലാണ്. 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. അതേസമയം ഓവര്‍ തീര്‍ന്നില്ലായിരുന്നെങ്കില്‍ നീഷാമിന് ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

ആ ഓവറിനു മുന്‍പ് ഒമ്പതോവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്ന പെരേര പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വഴങ്ങിയത് 80 റണ്‍സ്. ഏകദിന ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ വഴങ്ങിയ മൂന്നാമത്തെ ബൗളറെന്ന നാണക്കേടും ഇതോടെ പെരേരയുടെ പേരിലായി.

നെതര്‍ലന്‍ഡ്‌സിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷൽ ഗിബ്‌സ് ആറു പന്തില്‍ ആറ് സിക്‌സറുകള്‍ പറത്തിയതാണ് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ഓവര്‍. തിസാര പെരേരക്കെതിരെ തന്നെ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് 35 റണ്‍സടിച്ചതാണ് രണ്ടാമത്തെ മോശം ഓവര്‍. ഇപ്പോഴിതാ തിസാര പെരേര തന്നെ 34 റണ്‍സ് വഴങ്ങി വീണ്ടും നാണംകെട്ടിരിക്കുകയാണ്.

അതേസമയം നീഷാമിന്റെയും 14-ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും മികവില്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെടുത്ത ന്യൂസീലന്‍ഡ് ലങ്കയെ 45 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡിനായി ഗുപ്റ്റില്‍ സെഞ്ചുറി (138) നേടിയതിനു പുറമേ റോസ് ടെയ്ലര്‍ (54), കെയ്ന്‍ വില്യാംസണ്‍ (76) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. എട്ടോവര്‍ എറിഞ്ഞ ജെയിംസ് നീഷാം ലങ്കയുടെ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി കുശാല്‍ പെരേര 86 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്തെങ്കിലും മധ്യനിര തകര്‍ന്നതോടെ ശ്രീലങ്ക 49 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി.

Content Highlights: five sixes in one over new zealand's james neesham sends lankans on a leather hunt

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram