അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയുയടെ ഒന്നാമിന്നിങ്‌സില്‍ ഡേവിഡ് വാര്‍ണര്‍ അടിച്ചുതകര്‍ത്തപ്പോള്‍ പാക് ബൗളര്‍ യാസിര്‍ ഷാ ഏറെ പരിഹാസം കേട്ടിരുന്നു. 32 ഓവറില്‍ 197 റണ്‍സാണ് യാസിര്‍ വഴങ്ങിയത്. മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ യാസിറിന് ഇരട്ട സെഞ്ചുറി തികയ്ക്കാമായിരുന്നു എന്ന രീതിയിലായിരുന്നു പരിഹാസം.
എന്നാല്‍ പാകിസ്താന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ യാസിര്‍ ഷാ എന്ന ബാറ്റ്‌സ്മാനെ ക്രിക്കറ്റ് ആരാധകര്‍ കണ്ടു. ഏഴാമനായി ക്രീസിലെത്തി യാസില്‍ 213 പന്തില്‍ 13 ഫോറിന്റെ അകമ്പടിയോടെ 113 റണ്‍സ് അടിച്ചെടുത്തു. പത്താമനായി ക്രീസ് വിടുമ്പോഴേക്കും രണ്ട് മികച്ച കൂട്ടുകെട്ടുകള്‍ യാസിര്‍ പടുത്തുയര്‍ത്തിയിരുന്നു.
ഏഴാം വിക്കറ്റില്‍ ബാബര്‍ അസമുമായി ചേര്‍ന്ന് 105 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ മുഹമ്മജ് അബ്ബാസിനെ കൂട്ടുപിടിച്ച് 87 റണ്‍സ് പടുത്തുയര്‍ത്തി. ഇതോടെ 89 റണ്‍സിനിടയില്‍ ആറു വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്താന്റെ സ്‌കോര്‍ 300 റണ്‍സ് കടന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം പാക് താരമാണ് യാസിര്‍ ഷാ. എട്ടു വര്‍ഷം പിന്നിട്ട രാജ്യാന്തര കരിയറില്‍ യാസിര്‍ ഷായുടെ ആദ്യ സെഞ്ചുറിയും ഇതുതന്നെ. അതിനിടയില്‍ പാക് താരം കളിച്ചത് 36 ടെസ്റ്റും 25 ഏകദിനവും രണ്ട് ട്വന്റി-20യും. ഒരു അര്‍ധ സെഞ്ചുറി പോലും നേടിയില്ല. മൂന്നു ഫോര്‍മാറ്റിലുമായി ഉയര്‍ന്ന സ്‌കോര്‍ ഇതുവരെ 42 ആയിരുന്നു.
Content Highlights: Fans celebrate Yasir Shahs Adelaide century Australia vs Pakistan