കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സെഞ്ചുറിയടിച്ച് പാകിസ്താനെ ചാമ്പ്യന്മാരാക്കിയത് ഫഖര്‍ സമാനാണ്. ഫൈനലിലെ ഹീറോ ഈ പാക് ഓപ്പണിങ് ബാറ്റ്സ്മാന് തന്നെയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം ഇന്ത്യന്‍ താരം എം.എസ് ധോനിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫഖര്‍ സമാന്. സെഞ്ചുറിയടിച്ചപ്പോഴുള്ള ധോനിയുടെ പ്രതികരണം തന്നെ നിരാശനാക്കിയെന്നാണ് ഫഖര്‍ സമാന് ആരോപിക്കുന്നത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലി കൈയടിച്ച് തന്നെ അഭിനന്ദിച്ചപ്പോള്‍ ധോനിയുടെ നിര്‍വികാരമായ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്ന് ഫഖര്‍ സമാന് പറയുന്നു.
'' ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്ന് കോലിയും മറ്റു കളിക്കാരും എന്നോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ സെഞ്ചുറിയടിക്കുമ്പോള്‍ അവര്‍ അവഗണിക്കുമെന്നാണ് കരുതിയത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോലി എന്റെ സെഞ്ചുറിക്ക് കൈയടിച്ചു. തല താഴ്ത്തിയാണ് നിന്നിരുന്നെങ്കിലും കോലി ആത്മാര്‍ത്ഥതയോടെ തന്നെയാണ് കൈയടിച്ചത്'' പാകിസ്താനിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫഖര്‍ വ്യക്തമാക്കി.
ജസ്പ്രീത് ബുംറയുടെ പന്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും ഫഖര്‍ സമാന് അഭിമുഖത്തില്‍ പറയുന്നുണ്ട്. ''ബുംറയുടെ പന്തില്‍ ധോനി എന്നെ പിടിച്ചപ്പോള്‍ എന്റെ ഹൃദയം മുങ്ങിപ്പോയി. ഞാന്‍ ഞെട്ടിത്തരിച്ചു പോയി. എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് നടക്കാന്‍ ഞാന്‍ മനസ്സിനെ ഒരുക്കിയെടുത്തു. എന്റെ വിക്കറ്റ് എങ്ങനെ നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ ആ സമയം ആലോചിച്ചത്. വലിയ സ്കോര്‍ സ്വപ്നം കണ്ട് മൂന്ന് റണ്‍സിന് പുറത്താകേണ്ടി വരുന്ന അവസ്ഥ എനിക്ക് ആലോചിക്കാന്‍ പോലുമായിരുന്നില്ല'' ഫഖര്‍ പറയുന്നു.
''അമ്പയര്‍ എന്നോട് കാത്തുനില്ക്കാന് പറഞ്ഞപ്പോള്‍ വീണ്ടും പ്രതീക്ഷയായി. ഒരു പുതിയ വെളിച്ചം ഞാന്‍ കണ്ടു. അത് നോബോള്‍ ആണെങ്കില്‍ ഇന്നു എന്റെ ദിവസം തന്നെയായിരിക്കും എന്നു ഞാന്‍ മനസ്സിലുറപ്പിച്ചു'' ഫഖര്‍ പറയുന്നു. ഓവലില്‍ ഇന്ത്യക്കെതിരെ 106 പന്തില്‍ നിന്ന് 114 റണ്‍സാണ് ഫഖര്‍ അടിച്ചെടുത്തത്.