'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം തരാമെന്ന് ബിസിസിഐ അന്ന് ഞങ്ങളോട് പറഞ്ഞു'- ബ്രാവോ


2 min read
Read later
Print
Share

വിന്‍ഡീസ് താരങ്ങളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് കളിപ്പിക്കാനായിരുന്നു ബി.സി.സി.ഐയുടെ ശ്രമം. ഇതിനായി പുലര്‍ച്ചെ മൂന്നു മണിക്ക് ശ്രീനിവാവസന്‍ എനിക്ക് സന്ദേശമയച്ചു

മുംബൈ: ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങിയപ്പോഴാണ് ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്തതെന്ന് ബ്രാവോ വ്യക്തമാക്കി. 2014-ല്‍ നടന്ന ഏകദിന മത്സരങ്ങള്‍ക്കിടെയായിരുന്നു വിന്‍ഡീസ് താരങ്ങളുടെ ബഹിഷ്‌കരണ ഭീഷണി. ട്രിനിഡാഡ് ആന്റ് ടുബോഗോയിലെ ഒരു എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രാവോ അന്നുനടന്ന സംഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

അന്നത്തെ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസനാണ് അനുനയന ശ്രമത്തിന് നേതൃത്വം നല്‍കിയത്. വിന്‍ഡീസ് താരങ്ങളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് കളിപ്പിക്കാനായിരുന്നു ബി.സി.സി.ഐയുടെ ശ്രമം. ഇതിനായി പുലര്‍ച്ചെ മൂന്നു മണിക്ക് ശ്രീനിവാവസന്‍ എനിക്ക് സന്ദേശമയച്ചു. വിന്‍ഡീസ് താരങ്ങള്‍ കളിക്കാനിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഞാന്‍ ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചു. എന്നാല്‍ പരമ്പര ബഹിഷ്‌കരിച്ച് ഇന്ത്യ വിടാനുള്ള തീരുമാനത്തില്‍നിന്ന് ആരും പിന്നോട്ടുപോയില്ല. പരമ്പര പാതിവഴിയില്‍ ഉപേഷിക്കാനുള്ള തീരുമാനം വേഗത്തിലെടുത്തതല്ല. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും ഡബ്ലു.ഐ.പി.എ പ്രസിഡന്റുമായി ബന്ധപ്പെടാന്‍ പലകുറി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്. ഒരു താരമൊഴികെ എല്ലാവരും ബഹിഷ്‌കരിക്കാന്‍ സമ്മതമറിയിച്ച് പേപ്പറില്‍ എനിക്ക് ഒപ്പിട്ടു നല്‍കി.

ആദ്യ ഏകദിനവും രണ്ടാം ഏകദിനവുമെല്ലാം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതെല്ലാം ഞങ്ങള്‍ പിന്‍വലിച്ചു. പിന്നീട് ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഞങ്ങള്‍ തീരുമാനത്തിലുറച്ചു നില്‍ക്കുകയായിരുന്നു. ബഹിഷ്‌കരണം പ്രഖ്യാപിച്ചുകൊണ്ട് ടോസിടുന്ന സമയത്ത് ടീമംഗങ്ങളെല്ലാം എന്നോടൊപ്പം വന്നു.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബി.സി.സി.ഐയ്ക്ക് കഴിഞ്ഞിരുന്നു. അവര്‍ ഞങ്ങളെ പിന്തുണച്ചു. ഞങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്താന്‍ ബി.സി.സി.ഐ തയ്യാറായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ബി.സി.സി.ഐയില്‍ നിന്ന് പ്രതിഫലം ആവശ്യമില്ലായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് കരാര്‍ പുതുക്കി ലഭിക്കുകയായിരുന്നു ഞങ്ങളുടെ ആവശ്യം. ബി.സി.സി.ഐയുടെ പിന്തുണയാണ് പിന്നീട് ഞങ്ങളില്‍ പല താരങ്ങള്‍ക്കും പ്രശ്നങ്ങളൊന്നുമില്ലാതെ കളി തുടരാന്‍ കരുത്തായത്- അഭിമുഖത്തില്‍ ബ്രാവോ പറയുന്നു.

Content Highlights: Dwayne Bravo recalls contracts fallout debacle and BCCIs Role

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram