നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്കാണ് യുവതാരം പൃഥ്വി ഷായ്ക്ക് ലഭിച്ചത്. ചുമയുടെ മരുന്ന് ഉപയോഗിച്ചതാണ് തനിക്ക് വിനയായതെന്നായിരുന്നു ഷായുടെ വിശദീകരണം. ബി.സി.സി.ഐ.യും ഇത് സ്ഥിരീകരിച്ചു. എന്നാല്‍, ഇപ്പോള്‍ ഷായെയും ബി.സി.സി.ഐയെയും ഒരുപോലെ പ്രതിരോധത്തിലാക്കി രംഗത്തുവന്നിരിക്കുകയാണ് മുന്‍ പരിശീലകന്‍ വിനായക് സാമന്തും ഫിസിയോ ദീപ് തോമറും.
ഫെബ്രുവരി 22ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ നിരോധിക്കപ്പെട്ട ടെര്‍ബ്യുടാലിന്‍ അടങ്ങുന്ന ചുമമരുന്ന് കഴിച്ചു എന്നാണ് പൃഥ്വി ഷാ പറയുന്നത്. എന്നാല്‍, ഈ വിശദീകരണത്തെ ഖണ്ഡിക്കുകയാണ് അന്ന് ടീമിനൊപ്പം ഉണ്ടായിരുന്ന സാമന്തും തോമറും. പൃഥ്വി ഷായ്ക്ക് ആ മത്സരത്തിനിടെ ചുമയുടെ യാതൊരു ലക്ഷണവുമും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ച എന്തെങ്കിലും പരാതിയുമായി തങ്ങളെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
പൃഥ്വി ഷായ്ക്ക് അന്ന് നേരിയ പനി ഉണ്ടായിരുന്നു. എന്നാല്‍, ജലദോഷത്തിന്റെയോ ചുമയുടെയോ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്തെങ്കിലും പരാതിയുമായി ഞങ്ങളെ കാണുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ എപ്പോഴും ടീമിനൊപ്പം തന്നെ ഉണ്ടായിരുന്നു-സാമന്തും തോമറും പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
പൃഥ്വി ഷായ്ക്ക് ചുമയുള്ളതായി അറിയുമായിരുന്നില്ലെന്ന് അന്ന് ടീം മാനേജരായിരുന്ന ഗണേഷ് അയ്യരും വെളിപ്പെടുത്തി. പൃഥ്വി ഷായ്ക്ക് ജലദോഷം ഉണ്ടായിരുന്നു. എന്നാല്‍, എന്നോട് ഒന്നും വന്ന് പറഞ്ഞിരുന്നില്ല-അയ്യര്‍ പറഞ്ഞു.
ബി.സി.സി.ഐ.യുടെ ആന്റി ഡോപ്പിങ് മാനേജര്‍ അഭിജിത്ത് സാല്‍വി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് കടകവിരുദ്ധമാണ് പരിശീലകന്റെയും ഫിസിയോയുടെയും വെളിപ്പെടുത്തല്‍. ചുമയ്ക്ക് അടിയന്തര ശമനമുണ്ടാകാനാണ് അച്ഛന്റെ ഉപദേശപ്രകാരം ഷാ സമീപത്തെ ഒരു ഫാര്‍മസിയില്‍ നിന്ന് ചുമയ്ക്കുള്ള സിറപ്പ് വാങ്ങിക്കഴിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ടീം അധികൃതരുടെ അറിവോ സമ്മതമോ കൂടാതെ ഒരു യുവ താരത്തിന് എങ്ങനെയാണ് പുറത്തുള്ള ഫാര്‍മസിയില്‍ പോയി മരുന്ന് വാങ്ങാനാവുക എന്ന സംശയം അന്നേ അറിയാമായിരുന്നു. പരിശീലകനും മാനേജരും ഫിസിയോയും കൂടി നിഷേധിച്ചതോടെ ഈ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി ചോദ്യംചെയ്യപ്പെടുകയാണ്.
2019 മാര്‍ച്ച് 16 മുതല്‍ നവംബര്‍ 15 വരെയാണ് പൃഥ്വി ഷായുടെ സസ്‌പെന്‍ഷന്‍ കാലാവധി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുശേഷം ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ്. ഇന്ത്യക്കുവേണ്ടിരണ്ട് ടെസ്റ്റാണ് പത്തൊന്‍പതുകാരനായ ഷാ കളിച്ചത്.
Content Highlights: Prithvi Shaw, Dope Test, Syed Mushtaq Ali Trophy, BCCI, Cricket, Terbutaline