കൊല്‍ക്കത്ത: ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി പൃഥ്വി ഷാ സീനിയര്‍ താരങ്ങളുടെയെല്ലാം അഭിനന്ദമേറ്റുവാങ്ങിയിരുന്നു. ഒരു പതര്‍ച്ചയുമില്ലാതെ പൃഥ്വി ഷാ കളിക്കുന്നത് കാണാന്‍ എന്തു മനോഹരമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. വീരേന്ദര്‍ സെവാഗും വി.വി.എസ് ലക്ഷ്മണും പൃഥ്വി ഷായ്ക്ക് അഭിനന്ദനമറിയിച്ചിരുന്നു.
എന്നാല്‍ അഭിനന്ദനത്തോടൊപ്പം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഒരു അഭ്യര്‍ത്ഥനകൂടിയുണ്ട്. ആരാധകരോടാണ് ഗാംഗുലിയുടെ അഭ്യര്‍ത്ഥന. സെവാഗുമായി പൃഥ്വി ഷായെ താരതമ്യം ചെയ്യരുതെന്നാണ് ഗാംഗുലി പറയുന്നത്.
സെവാഗുമായി പൃഥ്വി ഷായെ താരതമ്യം ചെയ്യരുത്. സെവാഗ് പ്രതിഭാശാലിയാണ്. ഷായെ ലോകം ചുറ്റാന്‍ വിടൂ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെയും അവന്‍ റണ്‍സുമായി മടങ്ങിവരുമെന്ന് എനിക്കുറപ്പാണ്. പക്ഷേ സെവാഗുമായി താരമ്യം ചെയ്യുന്നത് ഒഴിവാക്കണം- ഗാംഗുലി വ്യക്തമാക്കി.
പൃഥ്വി ഷായെ സംബന്ധിച്ചിടത്തോളം ഇത് ആശ്ചര്യമുണ്ടാക്കുന്ന ദിവസമാണ്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍തന്നെ അവന്‍ സെഞ്ചുറി നേടി. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും ഇപ്പോള്‍ ഇന്ത്യന്‍ അരങ്ങേറ്റത്തിലും സെഞ്ചുറി. ആരായാലും അദ്ഭുതപ്പെട്ടുപോകും.
രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ എനിക്ക് സെഞ്ചുറി നേടാനായില്ല. പക്ഷേ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും ഇന്ത്യന്‍ അരങ്ങേറ്റത്തിലും ഞാന്‍ സെഞ്ചുറി അടിച്ചു- ഗാംഗുലി പറയുന്നു. 1996-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലാണ് ഗാംഗുലി സെഞ്ചുറി നേടിയത്.
പൃഥ്വി ഷായുടെ ബാറ്റിങ് ശൈലിയെക്കുറിച്ചും ഗാംഗുലി സംസാരിച്ചു. ഷായുടെ ബാറ്റിങ് മനോഹരമാണ്. അണ്ടര്‍-19 ലോകകപ്പ് കളിക്കുന്നതും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അവന് അറിയാവുന്ന രീതിയിലാണ് അവന്‍ കളിച്ചത്. അവന്‍ ഇപ്പോള്‍ വളരെ ചെറുപ്പമാണ്. ഇന്ത്യയ്ക്കായി ദീര്‍ഘനാള്‍ കളിക്കാന്‍ അവന് സാധിക്കും- ഗാംഗുലി വ്യക്തമാക്കി.
Content Highlights: Don't Compare Prithvi Shaw To Virender Sehwag says Sourav Ganguly