അഡ്ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിങ് ബാറ്റിങ്ങിന് പുതിയ മാനങ്ങള്‍ സമ്മാനിച്ച താരമാണ് വീരേന്ദര്‍ സെവാഗ്. സമചിത്തതയോടെ സമയമെടുത്ത് നിലയുറപ്പിച്ച ശേഷം കളിച്ചു തുടങ്ങുന്ന രീതിയില്‍ നിന്ന് ആദ്യ ദിനത്തിലെ ഉച്ചഭക്ഷണത്തിനു മുമ്പ് സെഞ്ചുറി തികയ്ക്കുന്ന രീതിയിലേക്ക് സെവാഗ് മത്സരം മാറ്റി.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പാകിസ്താനെതിരേ റെക്കോഡ് ട്രിപ്പിള്‍ സെഞ്ചുറി കുറിച്ച ശേഷം ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ സംസാരിച്ചത് സെവാഗ് തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചായിരുന്നു.
''ഐ.പി.എല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോഴാണ് സെവാഗിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരിക്കല്‍ എന്റെ അടുത്ത് വന്നിരുന്ന് പറഞ്ഞു, നിങ്ങള്‍ ഒരു മികച്ച ട്വന്റി 20 താരമെന്നതിനേക്കാള്‍ മികച്ചൊരു ടെസ്റ്റ് താരമാകുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങളെന്താണീ പറയുന്നത് ഞാന്‍ അധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുകൂടിയില്ല'', വാര്‍ണര്‍ പറഞ്ഞു.
അപ്പോള്‍ അദ്ദേഹം മത്സരത്തിന്റെ തുടക്കത്തില്‍ ഫീല്‍ഡിലെ റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്ന ഇടങ്ങളെ കുറിച്ച് പറഞ്ഞുതന്നുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ''അദ്ദേഹം എപ്പോഴും പറയാറുണ്ട്, തുടക്കത്തില്‍ സ്ലിപ്പ്‌സിലും ഗള്ളിയിലും ഫീല്‍ഡര്‍മാരുണ്ടാകും കവര്‍ ഓപ്പണായിരിക്കും, മിഡ് വിക്കറ്റില്‍ ഫീല്‍ഡര്‍ ഉണ്ടാകും, മിഡ് ഓണും മിഡ് ഓഫും സര്‍ക്കിളിനുള്ളിലായിരിക്കും. ഇത് മുതലെടുത്ത് തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ചാല്‍ പിന്നെ ചുമ്മാ ഇരിക്കാം''.
കഴിഞ്ഞ ദിവസം ടെസ്റ്റ് കരിയറില്‍ തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് വാര്‍ണര്‍ പാകിസ്താനെതിരേ നേടിയത്. 418 പന്തുകള്‍ നേരിട്ട വാര്‍ണര്‍, 39 ഫോറും ഒരു സിക്‌സും സഹിതം 335 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Content Highlights: David Warner recalls priceless tip offered by Virender Sehwag