ശ്രീലങ്കയെ 99 റണ്‍സിലൊതുക്കി ഓസീസ്; 134 റണ്‍സ് വിജയം


1 min read
Read later
Print
Share

നേരത്തെ 56 പന്തില്‍ പുറത്താകാതെ സെഞ്ചുറി നേടിയ വാര്‍ണറുടെ ഇന്നിങ്സ് മികവില്‍ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് അടിച്ചു.

അഡ്ലെയ്ഡ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ വിജയം. 134 റണ്‍സിന് ഓസീസ് ലങ്കയെ തോല്‍പ്പിച്ചു. 234 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദം സാംപയും രണ്ട് വീതം വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ലങ്കയെ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. 17 റണ്‍സെടുത്ത ദാസുന്‍ ശനാകയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.

നേരത്തെ 56 പന്തില്‍ പുറത്താകാതെ സെഞ്ചുറി നേടിയ വാര്‍ണറുടെ ഇന്നിങ്സ് മികവില്‍ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് അടിച്ചു. എട്ടു ഫോറും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്സ്.

വിലക്കിന് ശേഷം ക്രീസില്‍ തിരിച്ചെത്തിയ വാര്‍ണറുടെ ഓസീസ് ജെഴ്സിയിലെ ആദ്യ ട്വന്റി-20 മത്സരമായിരുന്നു ഇത്. ഞായറാഴ്ച്ച 33-ാം പിറന്നാള്‍ ആഘോഷിക്കുന്ന വാര്‍ണറുടെ, ഓസീസിനായുള്ള ആദ്യ ട്വന്റി-20 സെഞ്ചുറി കൂടിയാണിത്.

ടോസ് നേടിയ ശ്രീലങ്ക ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസീസിനായി ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഓപ്പണിങ്ങില്‍ ഇറങ്ങി. ഈ കൂട്ടുകെട്ട് 122 റണ്‍സ് പടുത്തുയര്‍ത്തി. 36 പന്തില്‍ എട്ടു ഫോറും മൂന്നു സിക്സും സഹിതം 64 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ലക്ഷണ്‍ സന്‍ഡകന്‍ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.

പിന്നീട് രണ്ടാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ് വെല്ലും വാര്‍ണറും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 28 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും നേടി മാക്സ്വെല്‍ അടിച്ചുകൂട്ടിയത് 62 റണ്‍സാണ്. അവസാന ഓവറിലെ മൂന്നാം പന്തില്‍ മാക്സ്വെല്ലിനെ ദാസുന്‍ ശനക പുറത്താക്കി. ഒരു റണ്ണുമായി ആഷ്ടണ്‍ ടേണര്‍ പുറത്താകാതെ നിന്നു.

Content Highlights: David Warner comes back to T20 cricket with brilliant century Australia vs Sri Lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram