ഇസ്ലാമാബാദ്: ഹിന്ദു മതസ്ഥനായതിനാല്‍ ഡാനിഷ് കനേരിയ ടീമില്‍ വിവേചനം നേരിട്ടിരുന്നുവെന്ന ഷോയബ് അക്തറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇക്കാര്യം സമ്മതിച്ച് കനേരിയ തന്നെ രംഗത്ത്. അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞതെല്ലാം സത്യമാണെന്നു പറഞ്ഞ കനേരിയ തന്റെ ജീവിതം ഇപ്പോള്‍ നല്ല രീതിയിലല്ല പോകുന്നതെന്ന് വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
സഹായിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പലരേയും സമീപിച്ചിരുന്നു. പാക്കിസ്ഥാനിലും പുറത്തുമുള്ള വ്യക്തികളോട് തന്റെ പ്രശ്നം പറഞ്ഞിരുന്നു. പക്ഷേ ആരുടേയും സഹായം ലഭിച്ചില്ലെന്ന് കനേരിയ പ്രസ്താവനയില്‍ പറഞ്ഞു. കരിയറില്‍ പാകിസ്താനായി ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പാകിസ്താനിലെ ക്രിക്കറ്റര്‍മാരുടെ പിന്തുണ തനിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്തറിന്റെ അഭിമുഖം കണ്ടിരുന്നുവെന്നും ലോകത്തോട് സത്യം പറഞ്ഞതില്‍ അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും കനേരിയ വ്യക്തമാക്കി.
ടീം അംഗമായിരിക്കെ ഡാനിഷ് കനേരിയ സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നതായി നേരത്തെ ഒരു അഭിമുഖത്തിലാണ് ഷോയബ് അക്തര്‍ വെളിപ്പെടുത്തിയത്. ഹിന്ദുവായതിന്റെ പേരില്‍ പാക് ടീമിലെ ചില താരങ്ങള്‍ കനേരിയക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നതായും അക്തര്‍ ആരോപിച്ചിരുന്നു.
Content Highlights: Danish Kaneria seeks support of Pakistan PM Imran Khan