ബാര്‍ബഡോസ്: വയസ് 39 ആയെങ്കിലും ബാറ്റിങ് വെടിക്കെട്ടിന്റെ കാര്യത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയാണ് വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗെയില്‍ പുറത്തെടുത്തത്.
ബാറ്റെടുത്താല്‍ പന്തിനെ സ്റ്റേഡിയത്തിന് പുറത്തെത്തിക്കുന്ന ഗെയില്‍ മികവ് ഇംഗ്ലണ്ടിനെതിരേയും കണ്ടു. വിന്‍ഡീസ് ടീമിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവ് തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് ഗെയില്‍ ആഘോഷിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 129 പന്തുകളില്‍ നിന്ന് 12 പടുകൂറ്റന്‍ സിക്‌സറുകളുടേയും വെറും മൂന്ന് ബൗണ്ടറികളുടേയും പിന്തുണയോടെ ഗെയില്‍ 135 റണ്‍സെടുത്തു. താരത്തിന്റെ 24-ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.
ഇതില്‍ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്താണെത്തിയത്. കൃത്യമായി പറഞ്ഞാല്‍ എട്ടെണ്ണം. ഇതിലൊന്ന് സ്റ്റേഡിയവും കടന്ന് 121 മീറ്റര്‍ അകലെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് പതിച്ചത്. ലിയാം പ്ലങ്കറ്റെറിഞ്ഞ 27-ാം ഓവറിലെ രണ്ടാം പന്താണ് ഗെയില്‍ സ്റ്റേഡിയത്തിനടുത്തെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെത്തിച്ചത്.
പന്തുകള്‍ പുറത്തേക്ക് പോയി നഷ്ടപ്പെട്ടതോടെ അമ്പയര്‍മാര്‍ക്കും പണിയായി. ഇടയ്ക്കിടെ അവര്‍ക്ക് പുതിയ പന്തുകള്‍ എടുക്കേണ്ടതായി വന്നു.
സിക്‌സര്‍ കിങ്
വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോഡും ഗെയില്‍ സ്വന്തമാക്കി. പാക് താരം ഷാഹിദ് അഫ്രീദിയെയാണ് ഗെയില്‍ മറികടന്നത്. 476 സിക്‌സുകളെന്ന അഫ്രീദിയുടെ റെക്കോഡാണ് ഗെയില്‍ പഴങ്കഥയാക്കിയത്. 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദിയുടെ ഈ നേട്ടം. എന്നാല്‍ അദ്ദേഹത്തെ മറികടക്കാന്‍ ഗെയിലിന് വേണ്ടിവന്നത് 444 മത്സരങ്ങള്‍ മാത്രം. 488 സിക്‌സുകള്‍ ഇപ്പോള്‍ ഗെയ്‌ലിന്റെ അക്കൗണ്ടിലുണ്ട്.
ഏകദിനത്തില്‍ 287, ട്വന്റി 20യില്‍ 103, ടെസ്റ്റില്‍ 98 എന്നിങ്ങനെയാണ് ഗെയില്‍ നേടിയ സിക്‌സുകളുടെ എണ്ണം. ഗെയിലിനും അഫ്രീദിക്കും പിന്നില്‍ 432 മത്സരങ്ങളില്‍നിന്ന് 398 സിക്‌സുകള്‍ നേടിയ മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലമാണ്. സനത് ജയസൂര്യ (352), രോഹിത് ശര്‍മ (349), എം.എസ്. ധോന (348) എന്നിവരാണ് മറ്റുള്ള സ്ഥാനങ്ങളില്‍.
പക്ഷേ ഗെയില്‍ തിളങ്ങിയെങ്കിലും ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് വിന്‍ഡീസ് തോറ്റു. വിന്‍ഡീസ് ഉയര്‍ത്തിയ 361 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജേസണ്‍ റോയ് (123), ജോ റൂട്ട് (102) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.
Content Highlights: chris gayle surpasses shahid afridi to record most sixes