സിഡ്‌നിയിലും സെഞ്ചുറി, കൂട്ടിന് അപൂര്‍വ നേട്ടം; പൂജാര വമ്പന്‍മാര്‍ക്കൊപ്പം


പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂജാര ഒരു അപൂര്‍വ നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

സിഡ്‌നി: ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ ക്രിക്കറ്റ് പര്യടനത്തില്‍ ഓസ്‌ട്രേലിയക്ക് തലവേദന സൃഷ്ടിച്ചിരുന്നത് വിരാട് കോലിയായിരുന്നെങ്കില്‍ ഇത്തവണ അത് ചേതേശ്വര്‍ പൂജാരയുടെ ഊഴമാണ്. പൂജാര ക്രീസിലുണ്ടെങ്കില്‍ ഓസീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞ് തളരാറാണ് പതിവ്. ഈ പരമ്പരയില്‍ ഓസീസിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച താരം പൂജാരയാണെന്ന് കഴിഞ്ഞ ദിവസം മുന്‍താരം ബ്രാഡ് ഹോഡ്ജ് പറഞ്ഞിരുന്നു.

ഈ പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള താരവും പൂജാരയാണ്. ഇപ്പോഴിതാ സിഡ്‌നിയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുകയാണ് താരം. പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂജാര ഒരു അപൂര്‍വനേട്ടം കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഒരു പരമ്പരയില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കൊപ്പം പൂജാരയും ഇടംപിടിച്ചു.

അലിസ്റ്റര്‍ കുക്ക്, മൈക്കല്‍ വോണ്‍, ക്രിസ് ബോര്‍ഡ്, എഡ്ഡി ബാര്‍ലോ, ജാക്ക് ഹോബ്സ് എന്നിവര്‍ ഓസ്‌ട്രേലിയയില്‍ മൂന്നു സെഞ്ചുറികള്‍ നേടിയവരാണ്. വിരാട് കോലി, വാലി ഹാമണ്ട്, ഹെര്‍ബെര്‍ട്ട് സട്ട്ക്ലിഫെ എന്നിവര്‍ ഓസ്ട്രേലിയന്‍ പരമ്പരയില്‍ നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ളവരാണ്. സിഡ്‌നിയില്‍ ഇനി ഒരു സെഞ്ചുറി കൂടി നേടാന്‍ സാധിച്ചാല്‍ പൂജാരയ്ക്കും ഈ പട്ടികയില്‍ ഇടംപിടിക്കാം.

മത്സരത്തില്‍ ഒരു അപൂര്‍വ നേട്ടം കൂടി പൂജാര സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ആയിരത്തിലധികം പന്തുകള്‍ നേരിടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആയിരത്തിലധികം പന്തുകള്‍ നേരിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് പൂജാര. സുനില്‍ ഗവാസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

2003-04 ലെ പരമ്പരയില്‍ 1203 പന്തുകള്‍ നേരിട്ട രാഹുല്‍ ദ്രാവിഡാണ് മുന്നില്‍. വിജയ് ഹസാരെ 1947-48 പരമ്പരയില്‍ 1192 പന്തുകള്‍ നേരിട്ടു. വിരാട് കോലി 2014-15 പരമ്പരയില്‍ 1093 പന്തുകള്‍ നേരിട്ടു. സുനില്‍ ഗവാസ്‌കര്‍ 1977-78 പരമ്പരയില്‍ നേരിട്ടത് 1032 പന്തുകളാണ്.

Content Highlights: cheteshwar pujara test record australia 3 centuries

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram