അതൊരു 'ടോപ് ക്ലാസ്' ഇന്നിങ്‌സായിരുന്നു; വിഹാരിയെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍


1 min read
Read later
Print
Share

ഇന്ത്യയ്ക്കായി ആറാമനായി ബാറ്റിങ്ങിനിറങ്ങിയ വിഹാരി ആദ്യ ഇന്നിങ്സില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ചിരുന്നു

കിങ്സ്റ്റണ്‍: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെ മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിയുടെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ത്യയ്ക്കായി ആറാമനായി ബാറ്റിങ്ങിനിറങ്ങിയ വിഹാരി ആദ്യ ഇന്നിങ്സില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ചിരുന്നു. 225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സെടുത്ത വിഹാരി, രണ്ടാം ഇന്നിങ്സില്‍ 53 റണ്‍സുമായി പുറത്താകാതെയും നിന്നു.

പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് വിഹാരിയില്‍ നിന്നും ഉണ്ടായതെന്ന് കോലി പറഞ്ഞു. '' സാഹചര്യം കണക്കിലെടുത്താല്‍ ഒരു ടോപ് ക്ലാസ് ഇന്നിങ്‌സാണ് വിഹാരിയില്‍ നിന്നുണ്ടായത്. സ്വന്തം കഴിവില്‍ വിശ്വാസമുള്ള താരമാണ് അദ്ദേഹം. അവന്‍ ബാറ്റു ചെയ്യുമ്പോള്‍ ഡ്രസ്സിങ് റൂം ശാന്തമായിരുന്നു, അത് അവന്റെ സ്വാഭാവികമായ ഗുണമാണ്'', മത്സരത്തിനു ശേഷം കോലി പറഞ്ഞു.

''സ്വയം മെച്ചപ്പെടുത്താന്‍ താല്‍പ്പര്യം കാണിക്കുന്ന താരമാണ് വിഹാരി. തന്റെ തെറ്റുകള്‍ മനസിലാക്കുകയും അത് തിരുത്തുകയും ചെയ്യും. ടീമിനായി എന്തു ചെയ്യാനും തയ്യാറാണ് അവന്‍''-കോലി കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രകടനത്തോടെ വിഹാരി റെക്കോഡ് ബുക്കിലും പേരു ചേര്‍ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ആറാം നമ്പറിലോ അതിനു ശേഷമോ ബാറ്റിങ്ങിനിറങ്ങി ഒരു ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന ആദ്യ താരമായിരിക്കുകയാണ് വിഹാരി.

1990-ല്‍ ഇംഗ്ലണ്ടിനെതിരേ മാഞ്ചെസ്റ്ററില്‍ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ആദ്യ ഇന്നിങ്സില്‍ 68 റണ്‍സും രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും (119) നേടിയിരുന്നു.

രണ്ടാം ടെസ്റ്റില്‍ 257 റണ്‍സ് ജയത്തോടെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

Content Highlights: captain Virat Kohli backed Hanuma Vihari

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram