മെല്‍ബണ്‍: മുന്‍ കീവീസ് താരം ബ്രെണ്ടന്‍ മക്കല്ലം നഷ്ടപ്പെടുത്തിയ ഒരു ക്യാച്ചിനെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ക്യാച്ച് നഷ്ടപ്പെടുത്തി ടീമിനെ പ്രതിരോധത്തിലാക്കിയതുകൊണ്ടല്ല മക്കല്ലത്തിന്റെ ആ ശ്രമം ചര്‍ച്ചയാകുന്നത്. മറിച്ച് 37 വയസ് പിന്നിട്ടെങ്കിലും താരത്തിന്റെ മെയ്വഴക്കത്തിന്റെ കാര്യത്തിലാണ്.
ബിഗ്ബാഷില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റ് - പെര്‍ത്ത് സ്കോച്ചേഴ്സ് മത്സരത്തിനിടെയാണ് മക്കല്ലം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയത്. ബ്രിസ്ബെയ്ന്‍ ഹീറ്റിന്റെ താരമായ മക്കല്ലം ബൗണ്ടറി ലൈനില്‍ അസാമാന്യ ഫീല്‍ഡിങ് മികവാണ് കാഴ്ചവെച്ചത്. സ്കോച്ചേഴ്സ് ഇന്നിങ്സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. മിച്ചല്‍ മാര്‍ഷ് ലോങ് ഓഫിലേക്ക് അടിച്ച പന്ത് കൈയിലാക്കാനായിരുന്നു മക്കല്ലത്തിന്റെ തകര്‍പ്പന്‍ ഡൈവ്.
ഇടം കൈകൊണ്ട് പന്തില്‍ എത്തിപ്പിടാക്കാനായെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. താരത്തിന്റെ ഈ ശ്രമത്തില്‍ കാണികള്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ക്യാച്ച് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് കമന്റേറ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഇതേ മത്സരത്തില്‍ നേരത്തെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ മക്കല്ലം മറ്റൊരു തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.
Content Highlights: brendon mccullum spectacular dive in big bash