ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്ക് തയ്യാറെടുക്കുന്നു വെസ്റ്റിന്‍ഡീസ് ടീമിന് ഉപദേശവുമായി കോച്ച് ഫില്‍ സിമ്മണ്‍സ്.
പരമ്പരയില്‍ വിരാട് കോലിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഫില്‍ സിമ്മണ്‍സ് രസകരമായ ചില സംഗതികള്‍ നിരത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കുകയെന്നത് കുഴപ്പം പിടിച്ച കാര്യമാണെന്നു പറഞ്ഞ സിമ്മണ്‍സ് ഇതിനാല്‍ തയ്യാറാക്കിയ തന്ത്രങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് പൊട്ടിച്ചിരി ഉയര്‍ന്നു; ബാറ്റിനു പകരം കോലിയെ സ്റ്റമ്പു കൊണ്ട് ബാറ്റ് ചെയ്യിപ്പിക്കുക, കോലിക്കെതിരേ രണ്ടു ബൗളര്‍മാരെ കൊണ്ട് ഒരേ സമയം പന്തെറിയിപ്പിക്കുക എന്നിങ്ങനെ പോകുന്ന സിമ്മണ്‍സിന്റെ തന്ത്രങ്ങള്‍. വിരാട് കോലിയുടെ വിക്കറ്റെടുക്കുകയെന്നത് എത്രത്തോളം പ്രയാസമുള്ള സംഗതിയാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തങ്ങളുടെ ബൗളര്‍മാരെ ഒരു പരിധിക്കപ്പുറം കോലിയെ പേടിക്കുന്നുണ്ട്. ഈ പേടി മാറ്റിവെയ്ക്കാനാണ് ബൗളര്‍മാര്‍ക്ക് താന്‍ നല്‍കിയ ഉപദേശമെന്നും വിന്‍ഡീസ് കോച്ച് പറഞ്ഞു.
അതേസമയം ഇന്ത്യയിലെന്നല്ല, ലോകത്ത് എവിടെയായാലും ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ട്വന്റി 20-കളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്ക് ഈ വരുന്ന വെള്ളിയാഴ്ച തുടക്കമാകുകയാണ്.
Content Highlights: bowlers will have to avoid being too scared of Virat Kohli says coach Phil Simmons