മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനില്‍ മൂന്ന് മലയാളികള്‍. ബി.സി.സി.ഐ പ്രഖ്യാപിച്ച പതിമൂന്നംഗ ടീമില്‍ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരാണ് ഇടം പിടിച്ചത്.
ലങ്കക്കെതിരായ ടെസ്റ്റിന് മുമ്പ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്നാഹ മത്സരം. നവംബര്‍ 11ന് കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് സന്നാഹ മത്സരം തുടങ്ങുക. നമാന്‍ ഓജയാണ് ടീം ക്യാപ്റ്റന്‍. കേരള രഞ്ജി ടീമംഗം ജലജ് സക്‌സേനയും പതിമൂന്നംഗ സംഘത്തിലുണ്ട്.
മധ്യപ്രദേശ്, കേരളം, ഹൈദരാബാദ്, പഞ്ചാബ് രഞ്ജി ടീമുകളില്‍ നിന്നാണ് ബി.സി.സി.ഐ ടീമിനെ തിരഞ്ഞെടുത്തത്. സന്നാഹ മത്സരം നടക്കുന്ന സമയത്ത് ഈ ടീമുകള്‍ക്ക് രഞ്ജി മത്സരങ്ങള്‍ ഇല്ലാത്തതാണ് ഇങ്ങിനെ തിരഞ്ഞെടുക്കാന്‍ കാരണം.
ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍: നമാന്‍ ഓജ, സഞ്ജു സാംസണ്‍, ജീവന്‍ജോത് സിങ്ങ്, ബി സന്ദീപ്, തന്‍മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, രോഹന്‍ പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്‌സേന, സി.വി മിലിന്ദ്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, രവി കിരണ്‍.