ന്യൂഡല്‍ഹി: ടെസ്റ്റ് മത്സരങ്ങള്‍ അഞ്ചു ദിവസത്തില്‍ നിന്ന് നാലു ദിവസമായി ചുരുക്കാനുള്ള ഐ.സി.സി നിര്‍ദേശത്തില്‍ പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ക്രിക്കറ്റിന്റെ വലിയ ഫോര്‍മാറ്റില്‍ ഐ.സി.സി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ടെസ്റ്റിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിലാണ് ഐ.സി.സിയുടെ അടുത്ത നീക്കം.
ഐ.സി.സിയുടെ പുതിയ നിര്‍ദേശത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണെങ്കില്‍ അതു നേരത്തേ ആയിപ്പോകുമെന്ന് ഗാംഗുലി പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ ഐസിസിയില്‍ നിന്ന് യാതൊരു ഔദ്യോഗിക നിര്‍ദേശവും വന്നിട്ടില്ലെന്നും അതിനാല്‍ തന്നെ നന്നായി വിശകലനം ചെയ്യാതെ ഇക്കാര്യത്തില്‍ യാതൊന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 മുതല്‍ 2031 വരെയുള്ള കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് ഐ.സി.സിയുടെ നീക്കം. നേരത്തെ 2015-ല്‍ ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം അഞ്ച് ദിവസത്തിന് പകരം നാലു ദിവസമാക്കി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഐ.സി.സിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.
Content Highlights: BCCI chief Sourav Ganguly on ICC's proposal to make four-day Tests